പട്ടികജാതി ‑പട്ടികവര്‍ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഡോ. ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നാളെ ഉച്ചക്ക് 12 ന് കെടിഡിസി ചൈത്രം ഓഡിറ്റോറിയത്തിൽ സ്പീക്കർ എ എൻ ഷംസീർ സമ്മാനിക്കുമെന്ന് മന്ത്രി ഒ ആർ കേളു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘പൂമാലയിലെ പൂക്കൾ’ എന്ന ശീർഷകത്തിൽ ജൂൺ 11 മുതൽ ഒൻപതു ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് അച്ചടി മാധ്യമ വിഭാഗത്തിൽ സാംബനെ അവാർഡിന് അർഹനാക്കിയത്. ഇടുക്കി ജില്ലയിലെ പൂമാല ട്രൈബൽ സ്കൂൾ കേന്ദ്രീകരിച്ചു നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആ ഗ്രാമത്തിലുണ്ടാക്കിയ മാറ്റം പ്രതിപാദിക്കുന്നതാണ് പരമ്പര. പിആർഡി ഡയറക്ടര്‍ ടി വി സുഭാഷ്, മാധ്യമ പ്രവര്‍ത്തകരായ കെ പി രവീന്ദ്രനാഥ്, പ്രിയ രവീന്ദന്‍, സരസ്വതി നാഗരാജന്‍, രാജേഷ് കെ എരുമേലി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
മുമ്പ് ദേശാഭിമാനിയിലും പ്രവർത്തിച്ചിട്ടുള്ള സാംബന് ലഭിക്കുന്ന അമ്പതാമത്തെ അവാർഡാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് രണ്ടു വട്ടം അർഹനായി. രാംനാഥ് ഗോയങ്ക, സ്റ്റേറ്റ്സ്മാൻ അവാർഡിന്റെ ഒന്നാം സ്ഥാനം, സരോജിനി നായിഡു അവാർഡ്,ജർമൻ എംബസി അവാർഡ്, കുഷ്റോ ഇറാനി അവാർഡ്, കെ സി കുലിഷ് രാജ്യാന്തര അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ.