Site iconSite icon Janayugom Online

ആർ സാംബന് സ്റ്റേറ്റ്സ്മാൻ അവാർഡ്

ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള പ്രശസ്തമായ സ്റ്റേറ്റ്സ്മാൻ ദേശീയ മാധ്യമ പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. കൊൽക്കത്ത കലാമന്ദിറിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ‘പൂമാലയിലെ പൂക്കൾ’ എന്ന ശീർഷകത്തിൽ 2024 ജൂൺ 10 മുതൽ ഒമ്പത് ദിവസങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. ഇടുക്കി പൂമാല ട്രൈബൽ സ്കൂളിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികൾ ഗ്രാമത്തിലുണ്ടാക്കിയ മുന്നേറ്റം സംബന്ധിച്ചായിരുന്നു പരമ്പര.

1993 മുതൽ മാധ്യമ രംഗത്തുള്ള സാംബന് ലഭിക്കുന്ന 57-ാമത്തെ പുരസ്കാരമാണിത്. സ്റ്റേറ്റ്സ്മാൻ അവാർഡ് 2014ലും സ്റ്റേറ്റ്സ്മാൻ പരിസ്ഥിതി അവാർഡായ കുഷ്റോ ഇറാനി പുരസ്കാരം 2011ലും നേടി. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡിന് രണ്ടുവട്ടം അർഹനായി. രാംനാഥ് ഗോയങ്ക, ജർമൻ എംബസി അവാര്‍ഡുകളും സരോജിനി നായിഡു പുരസ്കാരം, കെ സി കൂലിഷ് രാജ്യാന്തര അവാർഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ: സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ. മരുമകൻ: എസ് അനൂപ്.

Exit mobile version