Site icon Janayugom Online

വ്യാപനം കുറഞ്ഞു: ആര്‍ വാല്യു താഴുന്നു

Coronavirus COVID-19 all around the Earth. News about corona virus, Covid concept. 3D render

കേരളത്തിലടക്കം കോവിഡ് വ്യാപന വേഗതയുടെ അളവായ ആര്‍ വാല്യുവില്‍ ഇടിവ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ആര്‍ വാല്യു ഒന്നിന് താഴെയെത്തി. ദേശീയതലത്തില്‍ ഇത് കഴിഞ്ഞയാഴ്ചയിലെ 0.98 ല്‍ നിന്നും 0.94 എന്ന രീതിയിലും താഴ്ന്നു.

ഒരു രോഗിയില്‍ നിന്നും എത്രപേരിലേക്ക് രോഗം പടരുന്നുവെന്നതിന്റെ കണക്കാണ് ആര്‍ വാല്യു. ഇത് ഒന്നില്‍ താഴെയാണെങ്കില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായെന്നാണ് അര്‍ത്ഥം. കഴിഞ്ഞയാഴ്ച ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ആര്‍ വാല്യുവില്‍ വര്‍ധന രേഖപ്പെടുത്തിയത് ആരോഗ്യരംഗത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

കേരളത്തില്‍ കഴിഞ്ഞയാഴ്ചയിലെ 1.08 എന്നതില്‍ നിന്നും 0.96 ആയി വ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്. പശ്ചിമബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലും ഇടിവ് രേഖപ്പെടുത്തി. ബംഗാളില്‍ 1.07 ല്‍ നിന്ന് 0.96 ആയും തെലങ്കാനയില്‍ 1.06 ല്‍ നിന്ന് 0.95 ആയും കുറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ 0.77 ല്‍ നിന്ന് 0.88 ആയി ഉയര്‍ന്നു. മിസോറമില്‍ 0.79 ല്‍ നിന്ന് 0.88 ആയും കൂടി.

എന്നാൽ നഗരങ്ങളിലെ സാഹചര്യം വ്യത്യസ്തമാണ്. മുംബൈയില്‍ കഴിഞ്ഞയാഴ്ചയിലെ 0.94 ല്‍ നിന്ന് ആര്‍ വാല്യു ഒന്നായി ഉയര്‍ന്നു. പൂനെയില്‍ 0.39 ല്‍ നിന്നും വന്‍ ഉയര്‍ച്ച രേഖപ്പെടുത്തി 1.11 ആയി. ബംഗളുരുവിലും 1.02 ല്‍ നിന്നും 1.04 ആയി ആര്‍ വാല്യു ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,516 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,44,14,186 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച രേഖപ്പെടുത്തിയ കോവിഡ് കണക്കില്‍ നിന്ന് 4.3 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായിരിക്കുന്നത്. 501 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,62,690 ആയി ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry:  R val­ue decreas­es in covid

You may like this video also

Exit mobile version