പേ വിഷബാധ സംസ്ഥാനത്ത് ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ തെരുവുനായയുടെ കടിയേറ്റ റാന്നി പെരുനാട് കൂനംകര ഷീലഭവനിലെ അഭിരാമിയെന്ന പന്ത്രണ്ടുകാരിയുടെ മരണം എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതാണ്. കഴിഞ്ഞമാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്തും വലതുകണ്ണിനും പരിക്കേറ്റ പെണ്‍കുട്ടി പത്തനംതിട്ട ജില്ലാശുപത്രിയില്‍ നിന്ന് പേ വിഷപ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതാണ്. നാലാമത്തെ കുത്തിവയ്പ് എടുക്കേണ്ട സമയമാകുന്നതിനു മുമ്പ് ഗുരുതരാവസ്ഥയിലായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അഭിരാമിയുടെ മരണം സംഭവിക്കുന്നത്. പേ വിഷബാധയും അതുകാരണമുള്ള മരണവും കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് നിത്യമെന്നോണം സംഭവിക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഇരുപതോളം പേര്‍ മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 11 പേരും 2020ൽ അഞ്ചു പേരുമായിരുന്നു സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവ് നായ്ക്കളുടെ മാത്രമല്ല വളര്‍ത്തുനായ്ക്കളുടെയും കടിയേല്ക്കുന്ന സാഹചര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആറു വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ രണ്ട് ലക്ഷത്തോളവും കഴിഞ്ഞ ഏഴ് മാസത്തിനിടെ കടിയേറ്റവരാണ്.
കേരളത്തില്‍ സമീപകാലത്ത് പേ വിഷബാധ സംബന്ധിച്ച് നിരന്തരം വാര്‍ത്തകളുണ്ടാകുന്നുവെങ്കിലും ആഗോള തലത്തില്‍തന്നെ ഗുരുതരമായ പ്രശ്നമായി ഇതു മാറിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും 50,000ത്തിലധികം പേര്‍ ലോകത്താകെ പേ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം 18,000 മുതല്‍ 20,000വരെ ആളുകള്‍ ഈ കാരണത്താല്‍ മരിക്കുന്നു. ലോകത്താകെയുണ്ടാകുന്ന മരണത്തിന്റെ 35 ശതമാനത്തിലധികവും നമ്മുടെ രാജ്യത്താണെന്ന ഞെട്ടിക്കുന്ന വസ്തുതയുമുണ്ട്. കൃത്യമായ ചികിത്സയും പരിരക്ഷയുമുണ്ടെങ്കിൽ പേ വിഷബാധ പൂർണമായി തടയാമെന്നും നായകൾക്കുള്ള കുത്തിവയ്പാണ് പ്രധാന പ്രതിരോധമാർഗമെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ടെങ്കിലും കൃത്യമായ നിരീക്ഷണ — പ്രതിരോധ സംവിധാനങ്ങളുണ്ടാകാത്തതാണ് പലപ്പോഴും അപകടാവസ്ഥയ്ക്കു കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നായ, പൂച്ച, പന്നി, കഴുത, കുതിര കുറുക്കന്‍, ചെന്നായ, കുരങ്ങ്, അണ്ണാന്‍, വവ്വാ ല്‍ തുടങ്ങിയ ജീവികളിലെല്ലാം രോഗ വാഹകരായ വൈറസുകളെ കണ്ടുവരുന്നുണ്ടെങ്കിലും 90 ശതമാനം പേ വിഷബാധയുമേല്ക്കുന്നത് നായകളില്‍ നിന്നാണ്. വളരെ കുറച്ചാണെങ്കിലും പൂച്ചകളില്‍ നിന്നും രോഗബാധയുണ്ടാകുന്നുണ്ട്. മാരകമായ രോഗാവസ്ഥയാണ് പേ വിഷബാധയുടെ ഫലമായുണ്ടാകുന്നത്. രോഗം പെട്ടെന്നുതന്നെ തലച്ചോറിനെ ബാധിക്കുന്നുവെന്നതിനാല്‍ അപകടാവസ്ഥ കൂടുതലുമാണ്.
ഇതുകൂടി വായിക്കൂ: സംവാദം ആവശ്യമായ കോടതി നടപടികള്‍
കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മരവിപ്പ്, തല‑തൊണ്ടവേദന, വിറയല്‍, ശ്വാസതടസം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും ഭയം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. പെട്ടെന്നുതന്നെ ഗുരുതരാവസ്ഥയിലാകുകയും ചികിത്സ പ്രായോഗികമല്ലാതാകുകയും ചെയ്യുമെന്നതാണ് രോഗത്തിന്റെ സ്ഥിതി. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നതും ചികിത്സ സങ്കീര്‍ണമാക്കുന്നു. തെരുവ് നായകളുടെ വര്‍ധന കടിയേല്ക്കുന്നവരുടെ എണ്ണപ്പെരുപ്പത്തിന് പ്രധാനകാരണമാണ്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ വൈകുന്നതാണ് തെരുവു നായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നത്. ഇക്കാര്യത്തില്‍ ത്രിതല ഭരണ സംവിധാനങ്ങള്‍ക്കാണ് പ്രധാന ഉത്തരവാദിത്തമെങ്കിലും പുതിയ സാഹചര്യത്തില്‍ സംസ്ഥാന ഭരണ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. തെരുവ് നായകളുടെ എണ്ണക്കൂടുതല്‍ ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളുടെ സഹായത്തോടെ കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കേണ്ടതുണ്ടെന്നാണ് പുതിയ സാഹചര്യം ആവശ്യപ്പെടുന്നത്. അതുപോലെ തന്നെ സംസ്ഥാനത്ത് പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്കും രോഗബാധയുണ്ടാവുകയും ചിലരെങ്കിലും മരിക്കുകയും ചെയ്തിട്ടുണ്ടെന്നത് ഗൗരവതരമാണ്.
അതുകൊണ്ടുതന്നെ ശാസ്ത്രീയമായ പരിശോധനാ സംവിധാനങ്ങളും പ്രതിരോധ വാക്സിന്‍ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉന്നത തല പരിശോധനകളും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടെ പഠിക്കുന്നതിന് ഉന്നത തല സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയിട്ടുണ്ട്. വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നുവെന്നതിനാല്‍ വളരെ പെട്ടെന്നുതന്നെ പ്രസ്തുത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. മറ്റു പല രോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മാരകാവസ്ഥയുള്ളതും മരണ കാരണമാകുന്നതുമാണ് എന്നതിനാല്‍ തന്നെ എല്ലാ വകുപ്പുകളും സംയുക്തമായി ഈ പ്രശ്നത്തെ സമീപിക്കുകയും യോജിച്ച കര്‍മ്മ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ആദ്യ പരിഗണന രോഗ ചികിത്സയ്ക്കായിരിക്കണമെന്നതില്‍ സംശയമില്ല. അതോടൊപ്പംതന്നെ രോഗ കാരണമാകുന്ന പരിതസ്ഥിതി ഇല്ലാതാക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സജ്ജമാക്കേണ്ടതുണ്ട്.
You may also like this video;