Site iconSite icon Janayugom Online

വംശീയതയും ജാതിയും യുദ്ധവും

വെളുത്ത പ്രത്യയശാസ്ത്രം കറുത്ത ശരീരത്തോടുകാണിച്ച നൃശംസതയെ പഠിക്കുമ്പോൾ വംശീയതയുടെ ജനിതകം നാം തിരിച്ചറിയുന്നു. വംശീയ വെറുപ്പിൽ ശരീരവും അതിന്റെ നിറവും ഉണ്ടാക്കുന്ന വെറി എത്രത്തോളമെന്നും തിരിച്ചറിയുന്നു. വംശീയതയുടെയും വംശത്തിന്റെയും മതത്തിന്റെയും പേരിൽ മനുഷ്യർ പരസ്പരം നടത്തിയ കൂട്ടക്കൊലയിലും യുദ്ധത്തിലും കോടിക്കണക്കിന് മനുഷ്യരാണ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടത്. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾ ഇന്നും നിലച്ചിട്ടില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം വംശീയതയ്ക്കും വംശഹത്യക്കും അറുതി വന്നില്ല. മറിച്ച് അതിന് രൂപാന്തരം വന്നു.
നിറത്തിന്റെ പേരിലും ആകാരത്തിന്റെ പേരിലും ശാരീരിക പ്രത്യേകതയുടെ പേരിലും മനുഷ്യർ മികച്ചവരും അല്ലാത്തവരുമായി. ഉയർന്നവരും താഴ്ന്നവരും, സവർണരും അവർണരും ആയി. മേന്മയുള്ളവർ എന്ന് കരുതുന്നവർ അവരുടെ വീക്ഷണത്തിൽ അതില്ലാത്തവരെ അടക്കിഭരിച്ചു, അല്ലെങ്കിൽ കൊന്ന് തീർത്തു. ചരിത്രത്തിൽ മാത്രമല്ല, വർത്തമാനങ്ങളിലും കാലദേശാതീതമായി ഈ ദുരന്തം ഭാവിയിലേക്ക് പകർന്നാടിക്കൊണ്ടിരിക്കുന്നു. ഈ ഗുണമേന്മാ വേർതിരിവിനു കാരണം ശാസ്ത്രീയമാണെന്നും ജനിതകമാണെന്നുമുള്ള വംശീയ ശാസ്ത്രത്തിന്റെ വിലയിരുത്തലാണ് മനുഷ്യവർഗങ്ങൾക്കിടയിൽ പ്രതിസന്ധിയുണ്ടാക്കിയത്. 

ഹ്യൂമൻ ജീനോം പ്രോജക്ട് വരുന്നതുവരെ വംശീയതയുടെ ശാസ്ത്രം എന്ന ചിന്താധാരയിൽ പിടിമുറുക്കി മനുഷ്യനിൽ ഒരു വിഭാഗത്തിന് വ്യാജമേന്മ സൃഷ്ടിച്ച് കൊടുത്തിരുന്നു. ജനിതകപരമായി മനുഷ്യൻ ബുദ്ധിയുള്ളവരും ബുദ്ധി കുറഞ്ഞവരുമായി സൃഷ്ടിക്കപ്പെടുന്നു എന്ന് വംശീയ ശാസ്ത്രം പറഞ്ഞിരുന്നു. 17-ാം നൂറ്റാണ്ട് മുതല്‍ ഇത് നിലനിന്നു. വംശീയതയെ റേസ് സയൻസുമായി ബന്ധപ്പെടുത്തി ആര്യവംശ മേധാവിത്വം നാസികളാണ് കൃത്യമായി ഉണ്ടാക്കിയെടുത്തത്. ലക്ഷക്കണക്കിന് ജൂതരെ കാലപുരിക്കയയ്ക്കാനുള്ള ‘ഡെത്ത് റേസ്’ ഫോർമുല ഉണ്ടാക്കിയെടുത്തത് ഇങ്ങനെയാണ്. അതിതീവ്രമായി വർണാശ്രമങ്ങളും ദളിത് പീഡനവും നിലനിൽക്കുന്ന ഇന്ത്യയിൽ റേസ് സയൻസിനുപകരം വർണാശ്രമ തത്വശാസ്ത്രമായ സോഷ്യൽ റിലീജിയസ് എൻജിനീയറിങ് നൂറ്റാണ്ടുകൾക്കു മുമ്പേ ബ്രാഹ്മണിസം കൊണ്ടുവന്നു. ഇതുവഴി വളരെയെളുപ്പത്തിൽ മനുഷ്യന് മനുഷ്യനെ അടിമകളാക്കാൻ സാധിക്കും. അടിമകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും. ശൂദ്രൻ അക്ഷരം പഠിക്കാൻ പാടില്ല എന്ന് ഇതിഹാസവും പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ റേസ് സയൻസിന്റെ ആവിർഭാവത്തിനു മുമ്പ് തന്നെ അതിനീചവും ഭീകരവുമായ വിവേചനം നിലനിന്നു. കേരളത്തിൽ പോലും അയിത്തം എന്നത് എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതായിരുന്നു. തൊട്ടാൽ മാത്രമല്ല, ദൃഷ്ടിയിൽപ്പെട്ടാലും അയിത്തമായി പോകുന്ന കാലമുണ്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും അടിത്തട്ടുകളിലേക്ക് കീഴാള ജനത ഒതുക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിലും അതുതന്നെ നിലനിന്നു. 

വംശീയവാദി മനുഷ്യനെ നിറം വച്ചു മാത്രമേ അളക്കൂ. ഇത്തരം ആളുകളെ സിദ്ധാന്തവല്‍ക്കരിക്കും റേസിസം. വംശീയ ഉച്ചനീചത്വങ്ങളെ അതേപടി നിലനിർത്തും അവർ. അമേരിക്കയിലൊക്കെ അത് വലിയതോതിൽ പ്രകടമാണ്. വ്യാജമായ കണ്ടുപിടിത്തങ്ങളെ സാധൂകരിക്കാനുള്ള കൃത്രിമ വംശ സിദ്ധാന്തങ്ങൾ അവർ നിർമ്മിക്കും. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ അതാണ് ചെയ്യുന്നത്. അമേരിക്കയിൽ അടിമകളാക്കിയ കറുത്തവരിൽ കാണുന്ന മാനസിക രോഗത്തെക്കുറിച്ച് ഡോക്ടർ സാമുവൽ കാർട്റൈറ്റിന്റെ നേതൃത്വത്തിൽ അവർ ഗവേഷണം നടത്തി. “ഡ്രെപ്റ്റോമാനിയ” എന്ന രോഗം അടിമത്തത്തിൽ നിന്ന് ഓടിയൊളിക്കാനുള്ള മാനസിക പ്രവണതയാണെന്ന് കണ്ടെത്തി. അടിമത്തത്തിന്റെയും പീഡനത്തിന്റെയും ശാരീരിക — മനോവേദനകൾ ഒരു തരം രോഗമായി അവർ കണക്കുക്കൂട്ടി. പീഢകർ നിയമലംഘനക്കേസുകളിൽ നിന്ന് അതിലൂടെ തലയൂരി. രോഗം മാത്രമല്ല കറുത്തവർക്ക് വെളുത്തവരെക്കൊൾ ബുദ്ധി കുറവാണ് എന്ന കണ്ടെത്തലും ഈ വംശീയതയുടെ ഭാഗമാണ്. 

ഇന്ത്യൻ സാഹചര്യത്തിൽ വംശീയതയെക്കാൾ ആക്രമണകാരിയും അപകടകാരിയും ജാതിയാണ്. ലോകത്ത് മറ്റെവിടെയുമില്ലാത്ത അടിമത്തത്തിന്റെ പ്രഹേളികയാണത്. നിങ്ങൾക്ക് മതം മാറാം. വംശത്തിൽ നിന്നു മാറി നിൽക്കാം. പക്ഷെ പലപ്പോഴും ജാതിയിൽ നിന്നു മോചനമില്ല. അത് സവർണൻ സ്വയം കല്പിക്കുകയും മറ്റുള്ളവർക്ക് കല്പിച്ചു നൽകുകയും ചെയ്ത ഒരു അസത്യത്തിൽ നിന്ന് ജന്മമെടുത്ത സത്യമാണ്. തൊഴിലുകൊണ്ടാണ് അത് വേർതിരിക്കപ്പെട്ടത്. ഇതിഹാസങ്ങള്‍ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ അതിൽ നിലനിൽക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ജാതി ജീനുകളെയും അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരുണ്ട്. 

പരാശര മഹർഷി മുക്കുവനാണെന്നോ വാത്മീകി കാട്ടാളനാണെനോ കൃഷ്ണൻ കാലി മേച്ചു നടന്ന യാദവനാണെന്നോ പറഞ്ഞിട്ടുകാര്യമില്ല. ദ്രാവിഡാധിപത്യത്തിനുമേൽ ആര്യാധിനിവേശം കടന്നുകയറി ഇതിഹാസം മുഴുവൻ ക്ഷത്രിയരുടേതും ബ്രാഹ്മണരുടേതും ആക്കിയെടുത്തു. ആ ഇതിഹാസങ്ങളിൽ അടിച്ചേല്പിക്കപ്പെട്ട ഒരു ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്. രാജ്യം ഭരിക്കുന്ന രാജാവും അവരെ ഭരിക്കുന്ന പുരോഹിതരും യജമാന്മാരും ബാക്കിയുള്ളവരെല്ലാം അടിമകളും എന്ന വ്യവസ്ഥിതിയുടെ അശാസ്ത്രീയ യുക്തി അവർ യാഥാർത്ഥ്യമാക്കുന്നു. ആ ശാസ്ത്രം ഫാസിസ്റ്റുകൾക്ക്, സവർണർക്ക് ആധിപത്യം നൽകുന്നു.
വംശഹത്യകൾ എവിടെയും ഉണ്ടാകാം. സിഖ് കലാപവും ഗുജറാത്ത് കലാപവും വംശഹത്യയായി കണ്ണക്കാക്കപ്പെടുന്നു. ഒരു പ്രസിഡന്റിന്റെ കൊലപാതകമാണ് റുവാണ്ടയിൽ എട്ടുലക്ഷം പേരുടെ മരണത്തിനിരയാക്കിയ വംശഹത്യ ഉണ്ടാക്കിയത്. ഒരു പ്രധാനമന്ത്രിയുടെ വധമാണ് സിഖ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. ഒന്നരക്കോടിയലധികം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ട ഒന്നാം ലോകയുദ്ധത്തിന് തുടക്കമിട്ടത് വംശീയവും ദേശീയവുമായ ഒരാക്രമണമായിരുന്നു. ഓസ്ട്രിയന്‍ കീരീടാവകാശിയായ ആർച്ച് ഡ്യൂക് ഫ്രാൻസിസ് ഫെർഡിനന്റിനെ അദ്ദേഹത്തിന്റെ യൂഗോസ്ലാവിയൻ ദേശീയ വാദിയായ ഗവരില്ലോ പ്രിൻസിപ്പി വെടിവച്ചു കൊന്നതാണ് യുദ്ധത്തിന് മൂലകാരണം. കാലം കഴിഞ്ഞ് ബോസ്നിയൻ വംശഹത്യ നടന്നത് സെർബ് വംശീയതയുടെ അണപൊട്ടലിലൂടെയായിരുന്നു. 

പല വംശഹത്യകളും വംശഹത്യയല്ലെന്നും അത് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമാണെന്നുമുള്ള വാദം അതുനടന്ന രാജ്യങ്ങൾ പറയാറുണ്ട്. വംശഹത്യ എന്നത് യുദ്ധക്കുറ്റത്തെക്കാൾ വലുതാണെന്നും അത് മനുഷ്യവംശത്തിനും മാനവികതയ്ക്കുമെതിരെയുള്ള അതിഹീനവും നിന്ദ്യവുമായ അതിക്രമമാണെന്നുമുള്ള കാഴ്ചപ്പാടാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്. ശ്രീലങ്കൻ തമിഴർക്കെതിരെ സിംഹള ഭൂരിപക്ഷ സർക്കാർ നടത്തിയ കൂട്ടക്കൊല വംശഹത്യയാണെന്ന വിലയിരുത്തൽ ശ്രീലങ്ക അംഗീകരിച്ചിട്ടില്ല. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിം കൊലകള്‍ വംശഹത്യയായി ഭരണകൂടം അംഗീകരിച്ചിട്ടില്ല. 

ഒന്നാം ലോകയുദ്ധ കാലഘട്ടത്തിൽ നടന്ന അർമീനിയൻ കൂട്ടക്കൊലയെക്കുറിച്ചുള്ള വിവാദങ്ങൾ നിലനിൽക്കുന്നു. ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിനു കീഴിൽ ഏകദേശം 15 ലക്ഷം അർമീനിയൻ ക്രിസ്ത്യാനികളാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്. പക്ഷെ തുർക്കി ഇന്നും അത് യുദ്ധത്തിന്റെ ഭാഗമായുണ്ടായ മനുഷ്യനാശമാണെന്ന് പറയുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ഭീകരമായ വംശഹത്യയാണ് അർമീനിയയിൽ നടന്നത് എന്ന് ലോക രാഷ്ട്രങ്ങൾ പറയുന്നു. എന്നാൽ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞത് ലോകരാഷ്ട്രങ്ങളുടെ അഭിപ്രായം ചരിത്ര വിരുദ്ധവും നീതി നിഷേധവുമാണെന്ന്. കൊല്ലപ്പെട്ട ലക്ഷങ്ങൾക്ക് നീതി കിട്ടുകയില്ലെന്നർത്ഥം. പഴയ ഖലീഫമാരുടെ സാമ്രാജ്യം സ്ഥാപിക്കലാണ് തന്റെ ലക്ഷ്യം എന്ന് എർദോഗാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തുർക്കി പാകിസ്ഥാനെ സഹായിക്കുന്നതിന്റെ പിന്നാലെ ഒരു ഘടകം അതുതന്നെ. 

1971ൽ 15 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട കിഴക്കൻ ബംഗാളിലെ വംശഹത്യയെക്കുറിച്ച് പാക് ഭരണകൂടവും അത് യുദ്ധത്തിന്റെ ബാക്കിപത്രമായി കാണുന്നു എന്നാണ് പറഞ്ഞത്. പക്ഷെ കൂട്ടക്കുഴിമാടങ്ങൾ നമ്മോടു പറയുന്നത് അത് നിഷ്ഠുരമായ വംശഹത്യ തന്നെയാണ് എന്നാണ്. പോൾ പോട്ടിന്റെ ഖമറൂഷ് കംബോഡിയയിൽ നടത്തിയ വംശഹത്യ സമ്മതിക്കാത്തവരും ഉണ്ട്. 

ഞങ്ങളും നിങ്ങളും എന്ന വേർതിരിവ് വരുന്നതോടെ ഒരു വിഭാഗം വിദേശികളാവും. മ്യാൻമറിലും ശ്രീലങ്കയിലും ബോസ്നിയയിലും കംബോഡിയയിലും റുവാണ്ടയിലും അത് കണ്ടു. ഇന്ത്യയിലും ഇപ്പോൾ കാണുന്നു. മനുഷ്യവംശത്തിന്റെ വളർച്ച തന്നെ അഭയാർത്ഥി പ്രവാഹങ്ങളുടെ യാത്രയാണ്. വെള്ളവും ഭക്ഷണവും തേടിയുള്ള യാത്ര. അങ്ങനെ നദീതീരങ്ങളിൽ സംസ്കാരം മെല്ലെ വേരുറയ്ക്കുന്നു. ഇതൊന്നും വംശീയ വാദികൾ അന്വേഷിക്കില്ല. മറിച്ച് അവർ ചരിത്രത്തെ ദുർവ്യാഖ്യാനിച്ച് ഒരു ഭൂപ്രദേശത്ത് വിഭാഗീയതയുണ്ടാക്കുന്നു. അങ്ങനെ തീവ്ര വംശീയത നിലനിർത്തുന്നു. 

ഞങ്ങളും നിങ്ങളും എന്ന ധ്രുവീകരണത്തിനു ശേഷം നടക്കുന്നത് ഇരയാക്കപ്പെട്ടവരെ, കടന്നു വന്നവരെ തരംതാഴ്ത്തുക എന്നതാണ്. ഇത് ആസൂത്രിത വിവേചനമായി ക്രമേണ രൂപപ്പെടുന്നു. അവഗണിക്കപ്പെട്ടവരുടെ നിയമപരമായ അവകാശങ്ങൾ എടുത്തുകളയും. മാനസികമായ ഒരു തരം അടിമത്തത്തിലേക്കും വല്ലാത്ത ഭയാശങ്കകളിലേക്കും അത് നയിക്കും. ഫാസിസ്റ്റുകൾ അതാണ് ലക്ഷ്യമിടുന്നത്. ജൂതർക്കെതിരെ ജർമ്മനിയിൽ കൃത്യമായ രീതിയിൽ ഇത് നടപ്പാക്കപ്പെട്ടു. പൗരൻ എന്നുള്ള എല്ലാ അവകാശങ്ങളും കവർന്നെടുത്തു. കാലുറപ്പിച്ച മണ്ണിളകി. അവർ രാജ്യമില്ലാത്തവരായി സഞ്ചരിക്കേണ്ടി വന്നു. ആ യാത്ര നേരെ മരണത്തിലേക്കും. പലസ്തീൻ ദശകങ്ങളായി അനുഭവിക്കുന്നത് ആ അവസ്ഥയാണ്.

വംശീയ വാദികൾ ഇരകളെ അപമാനവീകരിക്കും. ദേശവിരുദ്ധർ എന്ന് മുദ്രകുത്തും. ഭീകരത, മത ഭീകരത, വംശീയത എന്നതെല്ലാം ഇന്ന് ലോകത്ത് ഏറ്റവും മികച്ച കച്ചവടവും മാർക്കറ്റുമാണ്. ഭീകരതയോട് ലയിച്ചുചേർന്നതാണ് ഭയം എന്ന വികാരം. ഭയത്തെ കീഴ്പ്പെടുത്താൻ സ്നേഹമാണ് മാർഗം. മാനവികതയാണ് ഏക വഴി. വംശീയതയും മതഭീകരതയും മനുഷ്യരാശിക്ക് അപകടമേ വരുത്തിയിട്ടുള്ളൂ. അതിനെതിരെ നിലകൊള്ളുകയാണ് മാനവരാശിയുടെ എന്നത്തേയും കടമ.
ഇതെല്ലാം ആര് കേൾക്കുന്നു. വ്യാസൻ മുതൽ പറഞ്ഞിട്ടുണ്ട് ‘ഞാൻ പറഞ്ഞത് ആരും കേൾക്കുന്നില്ല’എന്ന്. ബുദ്ധനും ഗുരുദേവനും ഗാന്ധിജിയും പ്രവാചകരും അഹിംസയും സ്നേഹവും ഉപദേശിച്ചു. മാനവരാശി ഉൾക്കൊണ്ടില്ല. സ്വേച്ഛാധിപത്യവും ഫാസിസവും മൂലധന ശക്തികളും യുദ്ധവെറിയന്മാരും ലോകം ഭരിക്കുന്നു. അവർക്ക് ലാഭവും അധികാരവും മാത്രം ലക്ഷ്യം. അവർക്കെതിരെയുള്ളത് മനുഷ്യരാശിയുടെ പോരാട്ടം മാത്രമാണ്.

Exit mobile version