തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരെ വെട്ടിമാറ്റുന്നത് ബിജെപിക്കുവേണ്ടിയുള്ള നാടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി എ ക്ലാസും എ പ്ലസുമൊക്കെയായി പറയുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വോട്ടര്‍മാര്‍ക്കോ ഒന്നും മതിയായ സമയം കൊടുക്കാതെ ഓടിപ്പിടിച്ചാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപ്പിലാക്കിയത്. ആ പ്രക്രിയ പൂര്‍ത്തിയാക്കിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെടുന്നത്. ജനാധിപത്യപ്രക്രിയയുടെ അടിസ്ഥാനമാണ് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ്. ഭരണഘടനയിലെ ആ വാഗ്ദാനം പാലിക്കാന്‍ കടപ്പെട്ടതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇസിഐ ഇപ്പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസിയായി മാറിയിരിക്കുന്നു. അസമിലും കേരളത്തിലും ആ ഇഡിയോക്രസിയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്കരണം പൂര്‍ത്തീകരിച്ചുവെന്നാണ് പറയുന്നത്. പേരുകള്‍ തിരുത്താനും മറ്റും അല്‍പം ദിവസമുണ്ടെന്നും പറയുന്നു. അത് എത്രമാത്രം പ്രാവര്‍ത്തികമാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. പരമാവധി വോട്ടര്‍മാരെ വെട്ടിമാറ്റുകയാണ്. പൗരന്മാര്‍ക്ക് വോട്ടവകാശം നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആത്മാവാണ് വോട്ടര്‍ പട്ടിക. അതിനെയാണ് മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കലാണ് ഇത്.
കഴക്കൂട്ടത്ത് 43,395, വട്ടിയൂര്‍ക്കാവില്‍ 54,263, നേമത്ത് 49,063, ആറ്റിങ്ങലില്‍ 16,012, കാട്ടാക്കട 25,233, തൃശൂരില്‍ 30,411, നാട്ടിക 23,595 എന്നിങ്ങനെയൊക്കെയാണ് ഓരോ മണ്ഡലങ്ങളിലും കാണാനില്ലാത്തവരുടെ കണക്ക്. ഇതാണ് ബിജെപിയുടെ വോട്ടര്‍പട്ടിക. അവര്‍ എ,ബി, എന്നൊക്കെ പറയുന്ന മണ്ഡലങ്ങളിെല സ്ഥിതിയാണിത്. ഇതിനെ എങ്ങനെയാണ് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് എന്ന് വിളിക്കാന്‍ പറ്റുക?
ബിജെപിക്ക് കേരളത്തിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ സീറ്റ് കഴിഞ്ഞ തവണ പൂട്ടിച്ചതാണ്. അസമിലെയും ബിഹാറിലെയുമെല്ലാം വോട്ട് മോഷണം കലയും ശാസ്ത്രവുമാക്കി, അതുവഴി ജനാധിപത്യത്തെ അട്ടിമറിച്ച ബിജെപി ആ പ്രവര്‍ത്തവുമായി കേരളത്തിലെത്തിയെന്നാണ് വ്യക്തമാകുന്നത്. ഇത്രയും പേര്‍ ഒഴിവാക്കപ്പെടുന്നതിന് ആരാണ് കാരണക്കാരെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരം പറയണം. ബിജെപിക്കുവേണ്ടിയുള്ള ആസൂത്രിതമായ നാടകമാണ് ഇത്. ഇസിഐ പിന്നോട്ടുപോയില്ലെങ്കില്‍ വമ്പിച്ച ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ ബിജെപിക്കു വേണ്ടിയുള്ള നാടകം

