Site iconSite icon Janayugom Online

റേഡിയോ ജോക്കി രാജേഷ് കൊല ക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി

RajeshRajesh

റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തെയും സാക്ഷി വിസ്താര വിചാരണ പൂർത്തിയായി. ഡിസംബർ ഒമ്പതിന് അന്തിമവാദം ബോധിക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് കേസിൽ വാദം കേൾക്കുന്നത്. 

അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ്, വള്ളിക്കീഴ് ‌സാനു എന്ന സുബാഷ്, ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ നിലവിലുള്ള 11 പ്രതികൾ. ഇതിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

2018 മാർച്ച് 27നാണ് സംഭവം നടന്നത്. കിളിമാനൂർ മടവൂർ മെട്രാസ് റെക്കോഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിദേശത്ത് ജിംനേഷ്യം നടത്തുന്ന സത്താർ എന്നയാളിന്റെ ഭാര്യയും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും എതിർപ്പുകളെ അവഗണിച്ച് ബന്ധം തുടർന്നതുമാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്. അബ്ദുൾ സത്താർ ഖത്തറിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാൻ കഴിയില്ല. അതിനാല്‍ നിലവിൽ ഇയാളെ കേരളാ പൊലീസ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുമ്പോള്‍ ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ തെളിവെടുത്ത ശേഷം പ്രത്യേക കുറ്റപത്രം സമർപ്പിക്കും. തുടർന്ന് ഇപ്പോൾ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.

Eng­lish Sum­ma­ry: Radio jock­ey Rajesh mu rder case: Wit­ness exam­i­na­tion completed

You may also like this video

Exit mobile version