അയോഗ്യത കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി തള്ളി. കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് സൂറത്ത് സെഷന്‍സ് കോടതി തള്ളിയത്. ഇതോടെ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് തീരുമാനപ്രകാരം വയനാട് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിക്കുമേല്‍ ചാര്‍ത്തിയ അയോഗ്യതയും തുടരേണ്ടിവരും. കേസില്‍ വിധി പറഞ്ഞതിനൊപ്പം നല്‍കിയ അപ്പീല്‍ കാലാവധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരമുണ്ട്.
ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. സൂറത്ത് സെഷന്‍സ് കോടതി അപ്പീലില്‍ അനുകൂല നിലപാട് സ്വീകരിച്ചേക്കില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഇന്നുതന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ ഈ കേസില്‍ അനുകൂല വിധി സമ്പാധിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
ഇക്കഴിഞ്ഞ 13ന് രാഹുല്‍ ഗാന്ധിയുടെയും പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോഡിയുടെയും വാദം സൂറത്ത് കോടതി കേട്ടിരുന്നു. ആറ് മണിക്കൂര്‍ നേരമാണ് അന്ന് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊഗേര വിധിപറയാനായി ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്. വിധി അനുകൂലമായിരുന്നെങ്കില്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റിന്റെ അയോഗ്യതാ വിജ്ഞാപനം റദ്ദാക്കി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുമായിരുന്നു.
2019 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെ കര്‍ണാടകയിലെ കരോലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോഡി എന്ന് ചേര്‍ക്കുന്നത്? എന്നായിരുന്നു പ്രസംഗത്തിലെ രാഹുലിന്റെ രാഷ്ട്രീയ ആക്ഷേപം. എന്നാല്‍ ഇതിനെതിരെ അന്ന് രഹുല്‍ പേര് പരാമര്‍ശിക്കാതിരുന്ന ഗുജറാത്തിലെ എംഎല്‍എ പൂര്‍ണേഷ് മോഡി തങ്ങളുടെ കുടുംബപ്പേരിനെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.
മാര്‍ച്ച് 23നാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചത്. 15,000 രൂപ പിഴയും ചുമത്തിയിരുന്നു. 30 ദിവസത്തിനകം ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. വിധി വന്നതിന്റെ പിറ്റേന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
English Summary: Rahul Gandhi get set back in disqualification case
You may also like this video