പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിലെ സുതാര്യതയിലും നിഷ്പക്ഷതയിലും ആശങ്ക പ്രകടിപ്പിച്ച് അഞ്ച് കോൺഗ്രസ് എംപിമാർ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. മനീഷ് തിവാരി, ശശി തരൂർ, കാർത്തി ചിദംബരം, പ്രദ്യുത് ബൊർദോലോയ്, അബ്ദുൾ ഖലീഖ് എന്നിവർ ഒപ്പിട്ട കത്തിൽ വോട്ടർപ്പട്ടിക വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായേക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ഇലക്ടറൽ കോളജ് ഉൾപ്പെടുന്ന സംസ്ഥാനസമിതി പ്രതിനിധികളുടെ പട്ടിക വോട്ടവകാശമുള്ളവർക്കും സ്ഥാനാർത്ഥികൾക്കും നൽകുന്നത് സ്വേച്ഛാധിപത്യം ഇല്ലാതാക്കുമെന്ന് എംപിമാർ കത്തിൽ പറഞ്ഞു. ഈ മാസം ആറിനാണ് മധുസൂദൻ മിസ്ത്രിക്ക് നേതാക്കള്‍ കത്തയച്ചത്. ആർക്കാണ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ അർഹതയുള്ളതെന്നും ആർക്കാണ് വോട്ട് ചെയ്യാൻ അർഹതയെന്നും പരിശോധിക്കാൻ ഈ പട്ടിക സഹായകരമാകുമെന്നും എംപിമാർ പറയുന്നു.
വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യം തെറ്റായി വ്യാഖ്യാനിച്ചത് നിർഭാഗ്യകരമാണ്. പാർട്ടിയുടെ ഏതെങ്കിലും ആഭ്യന്തര രേഖ പരസ്യപ്പെടുത്തണമെന്നല്ല ആവശ്യപ്പെടുന്നത്. വോട്ടർപട്ടിക പരസ്യമാക്കുന്നതില്‍ എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് എല്ലാ വോട്ടർമാരുമായും സാധ്യതയുള്ള സ്ഥാനാർത്ഥികളുമായും സുരക്ഷിതമായി പങ്കിടാൻ സംവിധാനം ഏർപ്പെടുത്തണം. അങ്ങനെ ചെയ്യാത്തിടത്തോളം തെരഞ്ഞെടുപ്പിലെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ നിലനില്ക്കുമെന്ന് കത്തിൽ പറയുന്നു. മനീഷ് തിവാരി, ചിദംബരം, ശശി തരൂർ എന്നിവർ സുതാര്യത ഉറപ്പാക്കാൻ വോട്ടർ പട്ടിക പരസ്യമാക്കണമെന്ന് കഴിഞ്ഞ മാസവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടർപട്ടിക പൊതുവായി നല്കാനാകില്ലെന്ന് മിസ്ത്രി പറഞ്ഞിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത് പരസ്യമാക്കിയാൽ എതിരാളികൾ വോട്ടർമാരുടെ പട്ടിക ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കോൺഗ്രസ് പാർട്ടി അധ്യക്ഷനായി രാഹുല്‍ തന്നെ എത്തുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഒട്ടേറെ മുതിര്‍ന്ന നേതാക്കൾ രംഗത്തുണ്ട്. രാജ്യസഭാ എംപി മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സൽമാൻ ഖുർഷിദ് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ രാഹുല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തുണ്ട്. വിഭാഗീയത ഒഴിവാക്കാന്‍ ഗാന്ധി കുടുംബാംഗം തന്നെ അധ്യക്ഷസ്ഥാനത്ത് വേണമെന്ന ധാരണയും മുന്നോട്ടു വച്ചിട്ടുണ്ട്. ‘ഞാൻ തീരുമാനമെടുത്തിട്ടുണ്ട്, എനിക്ക് അതിൽ വ്യക്തതയുണ്ട്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരും, ദയവായി ആ ദിവസത്തിനായി കാത്തിരിക്കുക’ — എന്നാണ് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ‘കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര തന്നെയും രാജ്യത്തെയും കുറിച്ച് കൂടുതൽ ധാരണ നല്കും. ഈ രണ്ട് മൂന്ന് മാസത്തിനുള്ളിൽ താന്‍ കൂടുതൽ അറിവുള്ളവനാകും’- രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 17 നാണ് നടക്കുക. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22 ന് പുറപ്പെടുവിക്കും.
English Summary: Rahul Gandhi may become Congress President
You may also like this video