അവസാന പിടിവള്ളിയും നഷ്ടമായതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി അവസാന നിമിഷം വരെ കാത്തുനിന്നത്. എന്നാല്‍, ഹര്‍ജി തള്ളിയ വാര്‍ത്തയറിഞ്ഞതോടെ, ഗത്യന്തരമില്ലാതെ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ തെളിവുസഹിതം പുറത്തുവന്നിട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും നടപടിയെടുക്കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു നേതൃത്വം. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി എം സുധീരനും കെ മുരളീധരനും വനിതാ നേതാക്കളുമെല്ലാം ആവശ്യപ്പെട്ടിട്ടും നടപടി നീട്ടിക്കൊണ്ടുപോകാനാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശ്രമിച്ചത്.
നേതാക്കളില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടിട്ടും രാഹുലിനെ പുറത്താക്കാതിരുന്നത് സണ്ണി ജോസഫിന്റെ തീരുമാനമായിരുന്നുവെന്ന് രമേശ് ചെന്നിത്തല ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നടപടിയെടുക്കുന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ ശ്രമം നടന്നുവെന്നതിന്റെ തെളിവുകളാണ് നേതാക്കളുടെ പ്രസ്താവനകളിലുള്ളത്.
ഇന്നലെ രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍പോലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണത്തില്‍ രാഹുലിനെ പരമാവധി സംരക്ഷിക്കാനുള്ള നീക്കമാണുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ പോലും പരസ്യമായി ആവശ്യപ്പെട്ടിട്ടും, മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ച് തീരുമാനിക്കാന്‍ കഴിയില്ലെന്നും എല്ലാവരുമായി ആലോചിക്കണമെന്നുമൊക്കെയായിരുന്നു സണ്ണി ജോസഫിന്റെ വാദങ്ങള്‍. നാല് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ കോടതിവിധി ഉണ്ടായത്. പിന്നാലെ രാഹുലിനെ പുറത്താക്കിയതായി അറിയിച്ചുള്ള കെപിസിസി വാര്‍ത്താക്കുറിപ്പും പുറത്തിറങ്ങി.
രാഹുല്‍ വിഷയം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടിയാകുമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും എഐസിസി കഴിഞ്ഞ ദിവസം കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച തന്നെ പുറത്താക്കലിനുള്ള ശുപാര്‍ശ നല്‍കുമെന്നായിരുന്നു എഐസിസിയുടെ പ്രതീക്ഷ. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റിയതോടെ, കെപിസിസി തീരുമാനവും മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ കോടതി വിധി രാഹുലിന് അനുകൂലമാകുമെന്നും അതുവഴി പിടിച്ചുനില്‍ക്കാനുള്ള സാധ്യതകള്‍ തുറന്നുകിട്ടുമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിന്റെ ഉറപ്പാണ് നടപടി വൈകിപ്പിക്കലിന് കാരണമായതെന്നാണ് സൂചന.

