തനിക്കെതിരെ ഉയർന്ന ഗര്‍ഭഛിദ്രമടക്കമുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. എന്നാൽ സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫിലെ പല ഘടക കക്ഷികളും. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തെങ്കിലും തനിക്ക് സ്വാധീനമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് രാഹുൽ. യൂത്ത് കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ വീട്ടില്‍ എത്തി രാഹുലിനെ കണ്ടിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ഒരു വിഭാഗം തന്നോടൊപ്പമുണ്ടെന്ന സന്ദേശമാണ് രാഹുൽ നൽകുന്നത്. മുറിക്കുള്ളില്‍ കുറച്ച് സമയം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടത്തില്‍ തയ്യാറായില്ല.
ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കാണുമെന്ന് സൂചന ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വയം ന്യായീകരണത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചത്.

