ലൈംഗിക ചൂഷണ വിവാദത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെച്ചേക്കില്ല. ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടി ഉണ്ടാകും എന്ന വാദം മറയാക്കിയാണ് രാഹുലിനെ രക്ഷിക്കാൻ ഒരുവിഭാഗം നീക്കം നടത്തുന്നത്. മുഖം രക്ഷിക്കാനായി എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാവിലെ അന്തിമ തീരുമാനം എടുക്കും.
രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടി ആകുമ്പോൾ, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാൻ കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

