Site iconSite icon Janayugom Online

തമിഴ്നാട്ടില്‍‍ റെയ്ഡ്; കേസ് ഇഡി-പൊലീസ് നേര്‍ക്കുനേര്‍

തമിഴ്നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസും നേര്‍ക്കുനേര്‍. എംഎല്‍എ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നിയമസഭാ സെക്രട്ടറി ശ്രീനിവാസന്റെ പരാതിയിലാണ് ട്രിപ്ലിക്കയ്ന്‍ പൊലീസിന്റെ നടപടി. ക്രിമിനൽ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്.

തമിഴ്നാട് ഗ്രാമവികസനമന്ത്രി ഐ പെരിയസ്വാമിയുടെയും മകനും പളനി എംഎല്‍എയുമായ ഐ പി സെന്തില്‍ കുമാറിന്റെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ കോംപ്ലക്സിലാണ് സെന്തില്‍ കുമാറിന്റെ വസതി. ദിണ്ടിഗല്ലിലുള്ള മന്ത്രിയുടെ വസതിയില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഓരേസമയമായിരുന്നു ഇഡിയുടെ പരിശോധന. സെന്തില്‍ കുമാറിന്റെ പളനിയിലെ വീട്, മന്ത്രിയുടെ മകള്‍ ഇന്ദ്രാണിയുടെ ശിവാജി നഗറിലുള്ള വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി. കേന്ദ്ര അര്‍ധസൈനിക സേനകളെ പ്രദേശത്ത് വിന്യസിക്കുകയും മണിക്കൂറുകളോളം പരിശോധന നടത്തുകയും ചെയ്തു.

കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിരുന്ന പെരിയസാമിയെ കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരിശോധന. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പരിശോധന. ബത്തലഗുണ്ടിന് സമീപമുള്ള മന്ത്രിയുടെ ബന്ധുവിന്റെ മില്ലുകളിലും പരിശോധന നടത്തിയിരുന്നു. ഇഡി റെയ്ഡിനെ തുടര്‍ന്ന് ദിണ്ടിഗല്‍ ജില്ലയില്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമായിരിക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

നിയമസഭാ സ്പീക്കറുടെ അധികാരപരിധിയിൽ വരുന്ന എംഎൽഎ ഹോസ്റ്റലിൽ ഇഡി ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങാതെയാണ് പ്രവേശിച്ചതെന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ ആരോപിക്കുന്നു. ഹോസ്റ്റൽ സമുച്ചയത്തിനുള്ളിലെ ഏതൊരു റെയ്ഡിനും സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

2026ലെ അസംബ്ലി തെര‌ഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പകപോക്കലാണ് ഇഡി പരിശോധനയ്ക്ക് പിന്നിലെന്ന് ഡിഎംകെ ആരോപിച്ചു. ഇഡി നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നാല് കോടി രൂപ പിടിച്ചെടുത്ത കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നഗേന്ദ്രന്റെ വീടാണ് പരിശോധന നടത്തേണ്ടതെന്ന് ഡിഎംകെ വക്താവ് സയീദ് ഹഫീസുള്ള പറഞ്ഞു. നേരത്ത ടാസ്മാകുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡുകള്‍ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.

 

Exit mobile version