കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആർഐ) നടത്തിയ റെയ്ഡിൽ 7.2 കിലോ സ്വർണവും 13.50 ലക്ഷം രൂപയും പിടികൂടി. 4.11 കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. വിവിധ രൂപത്തിൽ കൊണ്ടുവരുന്ന സ്വർണം ഉരുക്കുന്ന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വർണം ഇവിടെ എത്തിച്ച് സ്വർണമായി വേർതിരിച്ചെടുക്കുകയായിരുന്നു പതിവ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശി ജയഫർ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്. കൊടുവള്ളി കിഴക്കോത്തെ ജയഫറിന്റെ വീട്ടിൽനിന്നാണ് സ്വർണവും പണവും പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെയാണ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ നിന്നുള്ള ഡിആർഐ സംഘം റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആർഐ സംഘം കൊടുവള്ളിയിൽ താമസിച്ചു നിരീക്ഷിച്ചുവരികയായിരുന്നു. വീടിന്റെ ടെറസിലും തൊട്ടടുത്ത് ഷെഡ് നിർമ്മിച്ച് അവിടെവച്ചുമാണ് ഉരുപ്പടികൾ ഉരുക്കിയിരുന്നത്. കരിപ്പൂരിൽനിന്ന് വൻതോതിൽ കടത്തുന്ന സ്വർണ ഉരുപ്പടികളും കാപ്സ്യൂളുകളാക്കിയും മിശ്രിതമായും മറ്റും എത്തിക്കുന്ന സ്വർണവും ഇവിടെ വച്ചാണ് ഉരുക്കി യഥാർത്ഥ രൂപത്തിലാക്കിയിരുന്നത്. കാപ്സ്യൂളുകൾ, ചൂടാക്കി ഉരുക്കികൊണ്ടിരുന്നവ, ഉരുക്കിവച്ച സ്വർണം എന്നിവയെല്ലാം പിടികൂടിയതിൽ ഉൾപ്പെടും. സ്വർണം ഉരുക്കിയ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് ഡിആര്‍ഐ അന്വേഷണം പുരോഗമിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചില ജ്വല്ലറികള്ക്കുവേണ്ടിയും ഇവിടെവച്ച് സ്വർണ ഉരുപ്പടികൾ ഉരുക്കിയിരുന്നതായി പ്രതികൾ ഡിആർഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2021 ഡിസംബറിൽ മലപ്പുറത്തെ തവനൂരിൽ ഉരുക്കൽ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 9.75 കിലോ സ്വർണം പിടികൂടിയിരുന്നു.
English Sammury: Raid on smuggled gold melting center in Koduvalli, kozhikkod