Site iconSite icon Janayugom Online

പാളം തെറ്റി സംസ്ഥാനത്തെ റെയിൽ വികസനം

സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ പ്രകടമാകുന്ന അവഗണനയിലും മെല്ലെപ്പോക്കിലും പ്രതിഷേധം വ്യാപകമാകുന്നു. പുതിയ ലൈനുകൾ, പാതയിരട്ടിപ്പിക്കൽ, സർവേ നടപടികൾ, സ്റ്റേഷനുകളുടെ വികസനം, തീവണ്ടികൾ അനുവദിക്കുന്നത് — തുടങ്ങി കാതലായ വിഷയങ്ങളിലെല്ലാം റെയിൽവേ അധികൃതരുടെ അവഗണനയും അലംഭാവവും നാൾക്കു നാൾ വർധിക്കുകയാണ്. വികസനത്തിനായി റെയിൽവേയുമായി വർഷങ്ങൾക്കു മുമ്പു തന്നെ കരാറൊപ്പിട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നതൊക്കെ വെറും പഴങ്കഥ. നിലമ്പൂർ — നഞ്ചൻകോട് , തലശേരി — മൈസൂർ , — ഗുരുവായൂർ — തിരുനാവായ പാത തുടങ്ങി മുടങ്ങിയ പദ്ധതികളാണ് സംസ്ഥാനത്ത് പരിഗണിക്കേണ്ടത്. അമ്പലപ്പുഴ — തുറവൂർ പാതയിരട്ടിപ്പിക്കലിന്റെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ അനുമതിക്കായി ഇപ്പോഴും കാത്തു കിടക്കുകയാണ്. ചില പാതയിരട്ടിപ്പിക്കലുകളാണെങ്കിൽ അനിശ്ചിതമായി നീളുകളാണ്. 

2025 ജൂലൈയിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി തുടങ്ങിയ എറണാകുളം സൗത്ത് സ്റ്റേഷന്റെ പണി ഇഴയുകയാണ്. കരാറുകാരോട് വിശദീകരണം ചോദിക്കുമെന്ന മറുപടി ആവർത്തിക്കുന്നത് മാത്രം. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം നേടിത്തരുന്നതെന്ന ഖ്യാതി നേടിയ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെയും സൗത്ത് സ്റ്റേഷനെന്ന് പേര് മാറ്റിയ നേമത്തിന്റെ വികസന പദ്ധതികളിൽ വലിയ വെട്ടിക്കുറച്ചിൽ വരുത്തിയിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പുതിയ തീവണ്ടികളും കോച്ചുകളും അനുദിക്കുന്നതിൽ വലിയ വിമുഖതയാണ് അധികൃതർക്കുള്ളത്. ദേശീയ പാതയിൽ റോഡ് പണിമൂലം യാത്രക്കാരിലധികം തീവണ്ടികളെ ആശ്രയിക്കുന്നതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലും അൺ റിസർവ്ഡ് യാത്രക്കാരുടെ മുമ്പെങ്ങുമില്ലാത്ത വലിയ തിരക്കാണനുഭവപ്പെടുന്നതെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. തീരദേശ റെയിൽപ്പാതയിലെ തിരക്കാണെങ്കിൽ പറയാനില്ല. ഇതിനനുസരിച്ച് വരുമാനത്തിലും വൻ വർധനയുണ്ട്. എന്നാൽ, ആവശ്യത്തിന് യാത്രാ സൗകര്യമില്ല. മെമു ട്രെയിനുകൾ ഏറ്റവും കുറവാണ് കേരളത്തിൽ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ 10 എണ്ണം മാത്രം. തിരക്ക് കണക്കിലെടുത്ത് ഇവയിൽ കോച്ച് കൂട്ടണമെന്ന മുറവിളിക്ക് അനുകൂല നടപടിയില്ല. 

തിരുവനന്തപുരം ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന പാസഞ്ചർ തീവണ്ടികൾ മെമു ആക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നു എന്ന പ്രഖ്യാപനം ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും അതിന് യാത്രക്കാർ വലിയ വില കല്പിക്കുന്നില്ല. 2019 മുതൽ ഈ പ്രഖ്യാപനം കേൾക്കാൻ തുടങ്ങിയതാണെന്ന് അവർ പറയുന്നു. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയെടുത്താൽ ഭേദപ്പെട്ട സ്റ്റേഷനുകളിൽപ്പോലും സ്റ്റോപ്പുകളില്ലെന്ന പരാതി ഇതിന് പുറമെ. ഈ അവസ്ഥ തുടരുമ്പോഴും സ്വന്തം വീഴ്ചകൾക്ക് മറപിടിക്കാൻ സംസ്ഥാന സർക്കാരിനെതിരെ കുറ്റം ചാരാനുള്ള പഴുത് അന്വേഷിക്കുന്ന പണിയിലാണ് റെയിൽവേയും വകുപ്പ് മന്ത്രിയും. 

Exit mobile version