Site iconSite icon Janayugom Online

കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്ക് റെയിൽ പാത; പ്രതീക്ഷയോടെ കേരളം

കൊയിലാണ്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള റെയിൽ പാത സംബന്ധിച്ച പുതിയ നിർദ്ദേശം കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്ന് പേരാമ്പ്ര, വയനാട് വഴി മൈസൂര്‍ കടോകലയിലേക്ക് റെയിൽപാതയ്ക്കുള്ള പുതിയ നിർദ്ദേശമാണ് റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നത്. വയനാട് ജില്ലയിലേക്ക് റെയിൽ കണക്റ്റിവിറ്റി കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഡബ്ല്യു റെയിൽ പദ്ധതികളായിരുന്നു നിലമ്പൂർ‑നഞ്ചൻകോട്, തലശ്ശേരി വയനാട്-മൈസൂര്‍ പദ്ധതികൾ. എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ ഈ പാതകൾക്കുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നില്ല. 

കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപ്പുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപള്ളി, കൃഷ്ണരാജപുരം, എച്ച് ഡി കോട്ട എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 190 കിലോമീറ്റർ റെയിൽ ശൃംഖല സ്ഥാപിക്കാനാണ് നിർദ്ദേശമെന്ന് ഉന്നത റെയില്‍വെ വൃത്തങ്ങൾ അറിയിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കോട്ടെ, ഹംപാപുര, ബി ദിരാഗോഡു വഴി നിലവിലുള്ള കടകോല സ്റ്റേഷനിൽ ഇത് അവസാനിക്കുന്നു. കോഴിക്കോട്ടേയും വയനാട്ടിലെയും ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ നോക്കി കാണുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടുതൽ ശല്യപ്പെടുത്താതെ വയനാടിനും മൈസൂര്‍ ജില്ലകൾക്കുമിടയിൽ റെയിൽ ഗതാഗതം സാധ്യമാക്കുന്ന ഒരേയൊരു നിർദ്ദേശമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. നിർദിഷ്ട റെയിൽപാത യാഥാർത്ഥ്യമായാൽ, കോഴിക്കോട് നിന്ന് മൈസൂരുവിലേക്കുള്ള ദൂരം ബെംഗളൂരു വഴി 715 കിലോമീറ്ററും മംഗളൂരു വഴി 507 കിലോമീറ്റർ ഉള്ളത് 230 കിലോമീറ്ററായി കുറയും. സമുദ്ര നിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വയനാട്ടിൽ റെയിൽ എത്തുക എന്നത് വളരെ ദുഷ്കരമാണ്. ഇവിടെ ചുരമില്ലാത്ത രീതിയിൽ മുള്ളൻകുന്ന് വഴി പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാത്ത ബദൽ റോഡിനായി നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ വയനാട്ടിലേക്ക് എത്തിച്ചേരാൻ റെയിലിന് എളുപ്പമാവും. 

പാതയ്ക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെയും കർണാടകയിലെയും വനംവകുപ്പിന്റെയും വന്യജീവി സംരക്ഷണ വിഭാഗത്തിന്റെയും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെയും, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെയും ഏറ്റവുമൊടുവിലായി സുപ്രീം കോടതിയുടെയും അനുമതി നേടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനുശേഷമേ പരിസ്ഥിതി മന്ത്രാലയം പ്രോജക്ടിന് അംഗീകാരം നൽകൂ. വനസംരക്ഷണ നിയമം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വയനാട്ടിലേക്കുള്ള റെയിൽവേ ബന്ധം തർക്കവിഷയമായിരുന്നു. 

കോഴിക്കോട്, ഗുരുവായൂർ, എറണാകുളം-തിരുവനന്തപുരം വഴിയാണ് കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഹ്രസ്വ റൂട്ട്. പുതിയ റൂട്ടുകൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ ദൂരത്തിൽ ഏകദേശം 120 കിലോമീറ്ററും മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 330 കിലോമീറ്ററും കുറയും. ഇത് തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെക്കൻ കേരളവും കോഴിക്കോടും മംഗലാപുരവും ബെംഗളുരുവുമായി ദൂരക്കുറവും സമയലാഭവും ഈ റൂട്ടിനെ പരിഗണിക്കാൻ കാരണമാകുന്നുണ്ട്. കൂടാതെ വയനാട് വന്യജീവി സംരക്ഷിത മേഖല ഒഴിവാക്കപ്പെടുമെന്ന കാര്യവും ഈ റൂട്ട് പരിഗണിക്കാനുള്ള ഒരു കാരണമാണ്.

Eng­lish Summary:Rail line from Koi­lan­di to Mysore; Ker­ala with hope
You may also like this video

Exit mobile version