Site iconSite icon Janayugom Online

സ്റ്റേഷന്‍ വികസന ഫണ്ടെന്ന പേരില്‍ വീണ്ടും റയില്‍ കൊള്ള

സ്റ്റേഷന്‍ വികസന ഫണ്ടെന്ന പേരില്‍ യാത്രക്കാരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ റയില്‍വേ. വിവിധ ക്ലാസുകളിലുള്ള യാത്രക്കാരില്‍ നിന്ന് 10 മുതല്‍ 50 രൂപ വരെയാണ് ഈടാക്കുക. യാത്ര പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകളുടെ വികസനത്തിനെന്ന പേരില്‍ രണ്ടിനും തുക നല്കേണ്ടി വരും. പുറപ്പെടുന്നവര്‍ക്ക് സാധാരണ ടിക്കറ്റിന് 10, സ്ലീപ്പര്‍ ക്ലാസ്, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യഥാക്രമം 25, 50 രൂപ വീതം ഈടാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറങ്ങുന്ന സ്റ്റേഷനുകളില്‍ ഇതിന്റെ പകുതി തുക വിവിധ യാത്രക്കാര്‍ നല്കണം. പുറപ്പെടുന്നതും ഇറങ്ങേണ്ടതുമായ സ്റ്റേഷനുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണെങ്കില്‍ രണ്ടും ചേര്‍ത്തുള്ള തുക വിവിധ ക്ലാസ് യാത്രക്കാരില്‍ നിന്ന് ഈടാക്കും. അതായത് 15, 37.50, 75 രൂപ വീതം.

എന്നാല്‍ ഗ്രാമീണ മേഖലയിലെ സ്റ്റേഷനുകളില്‍ നിന്ന് തുക ഈടാക്കില്ലെന്ന് റയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ചരക്കു സേവന നികുതി കൂടി ചേര്‍ത്ത് ഈടാക്കേണ്ട തുക എത്രയായിരിക്കുമെന്ന് പ്രത്യേകമായി നിശ്ചയിക്കും. വരുമാന വര്‍ധനയ്ക്കുള്ള പുതിയ വഴിയായാണ് യാത്രക്കാരെ പിഴിയുന്നതിനായി വികസന ഫണ്ടെന്ന പേരിലുള്ള അധിക നിരക്ക് ഈടാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് കാലം ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള അവസരമായാണ് റയില്‍വേ ഉപയോഗിക്കുന്നതെന്നതിന് നേരത്തെയും ഉദാഹരണങ്ങളുണ്ടായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഉയര്‍ത്തിയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ അവസാനിപ്പിച്ചും റയിൽവേ കൊള്ളയടിച്ചത് 2500 കോടിയോളം രൂപയായിരുന്നു.

ആയിരക്കണക്കിന് കോടിയുടെ അധിക വരുമാനം

ഔദ്യോഗികമായി കണക്കാക്കിയിട്ടില്ലെങ്കിലും വികസന ഫണ്ട് നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപ റയില്‍വേയ്ക്ക് അധിക വരുമാനമുണ്ടാകും. രാജ്യത്ത് പ്രതിദിനം രണ്ടു കോടിയിലധികം യാത്രക്കാര്‍ തീവണ്ടിയെ ആശ്രയിക്കുന്നുണ്ട്. 7,300ലധികം സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതനുസരിച്ച് ശരാശരി കണക്കാക്കിയാല്‍ പോലും ആയിരക്കണക്കിന് കോടി രൂപയുടെ അധിക വരുമാനമാണ് റയല്‍വേയ്ക്കുണ്ടാവുക.

eng­lish sum­ma­ry; Rail rob­bery again in the name of sta­tion devel­op­ment fund

you may also like this video;

Exit mobile version