Site icon Janayugom Online

ഓവര്‍ ബുക്കിങ് സമ്പ്രദായത്തിലേക്ക് റെയില്‍വേയും

വ്യോമയാന മേഖലയിലേതു പോലെ ഇന്ത്യൻ റെയില്‍വേയും ഓവര്‍ ബുക്കിങ് (അധിക ബുക്കിങ്) സമ്പ്രദായത്തിലേക്ക് നീങ്ങുന്നതായി സൂചന. ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്കുള്ള അഹല്യ നഗരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്റെ അനുഭവമാണ് ഓവര്‍ ബുക്കിങ് സംശയത്തിനിടയാക്കിയിരിക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് സാധാരണ എസി കോച്ചില്‍ നിന്ന് തേഡ് എസി ഇക്കണോമി ക്ലാസിലേക്ക് ടിക്കറ്റ് മാറ്റിയതായി സിദ്ധാര്‍ത്ഥ് എന്ന യാത്രക്കാരന് ഐആര്‍സിടിസിയുടെ അറിയിപ്പ് ലഭിക്കുകയായിരുന്നു. എസി കോച്ചുകളെക്കാള്‍ കൂടുതല്‍ ബെര്‍ത്ത്/സീറ്റ് കപ്പാസിറ്റിയോട് കൂടി കുറഞ്ഞ നിരക്കില്‍ റെയില്‍വേ നടപ്പാക്കിയതാണ് തേര്‍ഡ് ഇക്കണോമി കോച്ച്. 

ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്കാണ് സിദ്ധാര്‍ത്ഥ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ യാത്രക്ക് തൊട്ടുമുമ്പായി 3എയ്ക്ക് പകരം 3ഇ യിലേക്ക് ടിക്കറ്റ് മാറ്റിയതായും അധികമായി അടച്ച തുക തിരികെ ലഭിക്കുമെന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു. പക്ഷേ പണം തിരികെ ലഭിക്കുന്നതിന് വീണ്ടും തുകയും സമയവും ചെലവാക്കേണ്ടി വന്നതായും ഐആര്‍സിടിസിയുടെ ഭാഗത്തുനിന്ന് ഇങ്ങനെ സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും യാത്രക്കാരന്‍ പറയുന്നു. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് ടിക്കറ്റുക‍ള്‍ തമ്മിലുള്ള തുകയിലെ വ്യത്യാസം കണക്കാക്കാനും അത് അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള സംവിധാനം ഐആര്‍സിടിസിക്ക് ഇല്ല. റെയില്‍വേയുടെ നിയമമനുസരിച്ച് തുക തിരികെ ലഭിക്കുന്നതിന് പുതുക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ഡല്‍ഹിയിലെ ഓഫിസിലേക്ക് അയയ്ക്കണം. ഡല്‍ഹി ഓഫിസ് അതത് റെയില്‍വേ സോണിലേക്ക് അറിയിപ്പ് നല്‍കും. തുടര്‍ന്ന് റെയില്‍വേ സോണില്‍ നിന്നുള്ള രസീത് ലഭിച്ച ശേഷം മാത്രം റീഫണ്ട് ലഭിക്കുന്ന രീതിയിലാണ് സംവിധാനം.
നിയമമനുസരിച്ച് ടിടിഇയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച് രണ്ട് ദിവസത്തിനകം റീഫണ്ട് അവകാശമുന്നയിക്കണം. 

എന്നാല്‍ ഐആര്‍സിടിസി പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇങ്ങനെ എല്ലാ ട്രെയിനുകളിലും സംഭവിക്കുകയാണെങ്കില്‍ കൃത്യമായി റീഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കില്ല. ഇത് റെയില്‍വേയുടെ മറ്റൊരു കൊള്ളയടിയാകും. സീറ്റ് ലഭ്യത അനുസരിച്ച് ലോവര്‍ ക്ലാസില്‍ നിന്ന് അപ്പര്‍ ക്ലാസിലേക്ക് സൗജന്യമായി സീറ്റ് മാറ്റി നല്‍കാറുണ്ട്. ഈ രീതിയാണ് ഗുണകരമെന്ന് യാത്രക്കാര്‍ പറയുന്നു.

Eng­lish Summary:Railways also to over­book­ing system
You may also like this video

Exit mobile version