Site iconSite icon Janayugom Online

യാത്രാക്ലേശത്തിന് പരിഹാരം കാണാതെ റെയിൽവേ; പ്രതിഷേധം ശക്തമാക്കി യാത്രികർ

traintrain

തീരദേശപാതയായ ആലപ്പുഴ‑എറണാകുളം റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതയാത്രക്ക് പരിഹാരമായില്ല. കാലുകുത്താൻ പോലും ഇടമില്ലാതെ നിന്നാണ് പലരുടെയും ദിവസേനയുള്ള യാത്ര. പലതവണ ട്രെയിൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതിയും ധർണയും പ്രതിഷേധവുമൊക്കെ നടത്തിയിട്ടും മനുഷ്യരാണെന്ന പരിഗണനപോലും കിട്ടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം വഴി കൊല്ലം-എറണാകുളം പുതിയ മെമു സർവിസ് തുടങ്ങിയതോടെയാണ് തീരദേശത്തെ യാത്രക്കാർക്ക് ദുരിതം ഇരട്ടിയായത്. പുതിയ ട്രെയിനുകൾ അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേയ്ക്ക് കടക്കാനാണ് യാത്രക്കാരുടെ സംഘടനകളുടെ തീരുമാനം. തിരക്കിനെ തുടർന്ന് യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞ് വീഴുന്ന സംഭവങ്ങൾ പതിവാണ്. 

രാവിലെയും വൈകീട്ടും ജോലിക്കും പഠനത്തിനുമായി തീരദേശപാതയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. ദേശീയപാതയിൽ അരൂർ‑തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം ആരംഭിച്ചത് മുതൽ റോഡുമാർഗം എത്തിയിരുന്നവർപോലും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. പല ട്രെയിനുകളിലും ഉൾക്കൊള്ളാനാവാത്തവിധമാണ് യാത്രക്കാർ കയറുന്നത്. കോട്ടയം ഭാഗത്തെ തിരക്കു കണക്കിലെടുത്തു പുതിയ കൊല്ലം– എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിച്ചതു പോലെ തീരദേശപാതയിലും പുതിയ ട്രെയിൻ വേണമെന്ന് ആവശ്യം ഉയരുകയാണ്. 

നിലവിൽ വൈകിട്ട് 4ന് എറണാകുളം– ആലപ്പുഴ പാസഞ്ചറിനു (06015) ശേഷം 6.25നു പുറപ്പെടുന്ന എറണാകുളം– കായംകുളം പാസഞ്ചറാണ് (06451) യാത്രികരുടെ ആശ്രയം. ഇതിനിടയിൽ 4.20ന് ഏറനാട് എക്സ്പ്രസും (16605) തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12075) ഉണ്ടെങ്കിലും എല്ലാ സ്റ്റേഷനിലും നിർത്തില്ല.
നേരത്തെ വൈകിട്ട് 6നു പുറപ്പെട്ടിരുന്ന എറണാകുളം– കായംകുളം പാസഞ്ചർ മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് (20632) വന്നതോടെയാണ് 6.25ലേക്കു സമയം മാറ്റിയത്. പുറപ്പെടൽ സമയം വൈകിച്ചിട്ടും പിന്നെയും പലയിടങ്ങളിൽ ട്രെയിൻ പിടിച്ചിടുന്നുണ്ട്.
ട്രെയിൻ വൈകുന്നതു കാരണം പലർക്കും തുടർയാത്രയ്ക്കു ബസും ലഭിക്കുന്നില്ല. ആലപ്പുഴയിൽ നിന്ന് 6നു പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് (13352) കഴി‍ഞ്ഞാൽ 7.25ന് ആലപ്പുഴ– എറണാകുളം മെമു (06016) ആണുള്ളത്. ഈ ട്രെയിനുകളിലും വൻ തിരക്കാണ്. 

Exit mobile version