എറണാകുളം ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ നവീകരണം അവതാളത്തിലാക്കിയ കരാർ കമ്പനിക്കെതിരെയുള്ള നടപടി വച്ചുതാമസിപ്പിച്ചതിൽ റെയിൽവേക്കെതിരെ ആക്ഷേപം. പാർലമെന്റ് അംഗങ്ങളിൽ നിന്നടക്കം പരാതിയുയർന്നു. തക്കസമയത്ത് ഇടപെടൽ നടത്തിയിരുന്നെങ്കിൽ പദ്ധതി വൈകുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് ഉയരുന്ന അഭിപ്രായം. സ്റ്റേഷൻ ലോക നിലവാരത്തിലേക്കുയർത്താനുള്ള നടപടിയുടെ ഭാഗമായിരുന്നു നവീകരണ പ്രവർത്തനങ്ങൾ. 2022ലാണ് ഇതിന് തുടക്കമായത്. 36 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കണമെന്ന വ്യവസ്ഥയനുസരിച്ച് സ്റ്റേഷൻ ഈ വർഷം ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യേണ്ടതായിരുന്നു. എന്നാൽ, പണി ഇപ്പോഴും ഏതാണ്ട് നാലില്‍ ഒന്നിലേക്കെത്തിയിട്ടേയുള്ളു. നവീകരണം അതിവേഗം പുരോഗമിക്കുന്നുവെന്നും കൃത്യസമയത്ത് കമ്മിഷൻ ചെയ്യാനാകുമെന്നാണ് ഈ വർഷം ആദ്യംപോലും റെയിൽവേ വൃത്തങ്ങൾ അവകാശപ്പെട്ടത്. അതേ സമയം, നിർമ്മാണ പ്രവൃത്തികളിൽ കരാർ കമ്പനി സ്വീകരിക്കുന്ന മെല്ലെപ്പോക്ക് ചൂണ്ടിക്കാണിച്ച് പാർലമെന്റ് അംഗങ്ങളും യാത്രക്കാരുടെ സംഘടനകളും നിരന്തരം പരാതികൾ ഉയർത്തിക്കൊണ്ടിരുന്നു.
പരാതികളിലെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടും പുതിയ കരാറുകാരെ കണ്ടെത്തി പ്രവൃത്തി ഏല്പിച്ചാൽ പൂർത്തിയാകാൻ കാലവിളംബമുണ്ടാകുമെന്ന മറുപടി നൽകി ഒഴിഞ്ഞുമാറാനായിരുന്നു അധികൃതരുടെ ശ്രമം. ഒടുവിൽ, ആക്ഷേപം ശക്തമായതോടെ അടുത്ത ദിവസമാണ് നവീകരണ കരാർ റദ്ദാക്കാൻ റെയിൽവേ നിർമ്മാണ വിഭാഗം തയ്യാറായത്.
കരാർ കാലാവധി പൂർത്തിയാകാൻ ഇനി ഏതാണ്ട് മൂന്ന് മാസം സമയമേയുള്ളു. ജനപ്രതിനിധികളടക്കം പരാതി ഉന്നയിച്ച ഘട്ടത്തിൽ, ഇപ്പോൾ സ്വീകരിച്ച നടപടിയിലേക്ക് നേരത്തേ തന്നെ കടന്നിരുന്നുവെങ്കിൽ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാമായിരുന്നുവെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പുതിയ കരാറുകാരെ കണ്ടെത്തി പ്രവൃത്തി ഏല്പിച്ചാൽ പൂർത്തിയാക്കാൻ ഏതാണ്ട് ഇത്രയും സമയം തന്നെ ഇനിയും വേണ്ടി വന്നേക്കും. കരാർ കമ്പനിയെ സഹായിക്കാൻ നടത്തിയ നീക്കമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് സംഘടന ആരോപിച്ചു. ഒരേ സമയം 376 ട്രെയിൻ റൂട്ടുകൾ നിയന്ത്രിക്കുന്ന എറണാകുളം ജങ്ഷൻ സ്റ്റേഷൻ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായും ഒരു പ്രധാന റെയില്‍വേ ഹബ്ബായുമാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ യാത്രക്കാരുടെ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാമത്തേതും ദക്ഷിണ റെയില്‍വേയിൽ അഞ്ചാമത്തേതുമാണ്.

