പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റയിൽവേ കഴിഞ്ഞ ആറ് വർഷത്തിനിടെ 72,000 തസ്തികകൾ നിർത്തലാക്കിയതായി ഔദ്യോഗിക രേഖകൾ. ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ 81,000 തസ്തികകൾ റദ്ദ് ചെയ്യാനുള്ള നിർദേശമാണുണ്ടായത്. അതിൽ 72,000 തസ്തികയാണ് വേണ്ടെന്നു വച്ചത്. മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് റയിൽവേ തന്നെ സമ്മതിക്കുന്നതിനിടയിലാണ് നടപടി.
ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി അനാവശ്യമായി മാറിയതിനാൽ ഈ തസ്തികകളിൽ മേലിൽ റിക്രൂട്ട്മെന്റ് ഉണ്ടാകില്ലെന്നാണ് റെയിൽവേയുടെ നിലപാട്. നിലവിൽ ഇത്തരം തസ്തികകളിലെ ജീവനക്കാർ റയിൽവേയുടെ മറ്റ് വിഭാഗങ്ങളിൽ ലയിക്കും. റെയിൽവേ പ്രവർത്തനങ്ങൾ ആധുനികവും ഡിജിറ്റലൈസ് ചെയ്തതുമായതിനാൽ തസ്തികകൾ ഒഴിവാക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു.
2020–21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 56,888 തസ്തികകളാണ് സറണ്ടർ ചെയ്തത്. 15,495 എണ്ണം കൂടി സറണ്ടർ ചെയ്യാനുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉത്തര റയിൽവേ 9,000 ലധികം തസ്തികകൾ ഒഴിവാക്കിയപ്പോൾ ദക്ഷിണ‑പൂർവ റയിൽവേ 4,677 തസ്തികകൾ ഉപേക്ഷിച്ചു. ദക്ഷിണ റയിൽവേ 7,524 ഉം കിഴക്കൻ റയിൽവേ 5,700ലധികവും തസ്തികകൾ നിർത്തലാക്കി. 2021- 22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം 13,450 തസ്തികകൾ വേണ്ടെന്നുവയ്ക്കാൻ റയിൽവേ ബോർഡ് തീരുമാനിച്ചു. 2019ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ തന്നെ 2,85,258 ഒഴിവുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നതാണ്.
2021–22 സാമ്പത്തിക വർഷത്തിലെ ഒരു നിശ്ചിത തസ്തിക പ്രവർത്തനരഹിതമാണോ അല്ലയോ എന്ന് നിർണയിക്കുന്ന ജീവനക്കാരുടെ വർക്ക്-സ്റ്റഡി പ്രകടനം അവസാന ഘട്ടത്തിലാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ 9,000 തസ്തികകൾ കൂടി സറണ്ടർ ചെയ്യപ്പെടുമെന്നും സൂചനയുണ്ട്. മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നുണ്ടെന്ന് റയിൽവേ പറയുന്നു. ഒരു രൂപയിൽ നിന്ന് 37 പൈസ ശമ്പളത്തിനും 16 പൈസ പെൻഷനും ചെലവഴിക്കുന്നു.
അതേസമയം ഔട്ട്സോഴ്‍സിങ് കാരണമാണ് തസ്തികകളുടെ എണ്ണം കുറയുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. പ്രതിവർഷം 50,000 പേർ ശരാശരി റിട്ടയർ ചെയ്യുന്നുമുണ്ട്. വിവിധ സുരക്ഷാ ജോലികളിലും ട്രെയിൻ ഓപ്പറേഷനിലും ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് റയിൽവേ ബോർഡിന്റെ കടുംവെട്ടെന്നും അവർ പറയുന്നു. റയിൽവേയെ സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും ആക്ഷേപമുണ്ട്.
English Summary: Railways slash: 72,000 jobs laid off
You may like this video also