45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ഇനിമുതൽ ട്രെയിൻ ടിക്കറ്റെടുക്കുമ്പോൾ ലോവർ ബർത്ത് മുൻഗണന നൽകുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റെടുക്കുമ്പോൾ ഈ ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിൽ പോലും ഇവർക്ക് ലോവർ ബർത്ത് നൽകാനാണ് റെയിൽവേയുടെ തീരുമാനം. ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതനുസരിച്ച്, സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ ഓരോ കോച്ചിലും അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാലുവരെ ബർത്തുകളും മുൻഗണനാക്രമത്തിൽ ഇവർക്കായി നീക്കിവെക്കും. ഇതിനുപുറമെ, ഭൂരിഭാഗം മെയിൽ/എക്സ്‌പ്രസ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കായി സ്ലീപ്പറിൽ നാലുബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ), തേഡ് എസിയിൽ നാല് ബർത്തുകൾ, സെക്കൻഡ് സിറ്റിങ്ങിൽ നാലുസീറ്റുകൾ എന്നിവ അനുവദിക്കും. അതുപോലെ, വന്ദേഭാരത് ട്രെയിനുകളുടെ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽച്ചെയർ സൗകര്യവും ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിഷ്‌കാരങ്ങളുമായി റെയില്‍വേ; 45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് ഉറപ്പാക്കും

