Site iconSite icon Janayugom Online

മഴ ദുരന്തം; സംസ്ഥാനത്ത് ദക്ഷിണ‑മധ്യ ജില്ലകളില്‍ കനത്ത നാശനഷ്ടം

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളിലുള്‍പ്പെടെ മഴക്കെടുതി രൂക്ഷമായി. ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. വിവിധ ജില്ലകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം അഞ്ചുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല എന്നും കർശന നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയം തിക്കോയിയില്‍ ഉള്‍പ്പൊട്ടി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളിലായി ഏഴ് ക്യാമ്പുകള്‍ തുറന്നു. ആകെ 90 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ അമ്പതേക്കർ പാലത്തിന്റെ കൈവരികള്‍ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. അമ്പതേക്കർ നിവാസികളെ കുളത്തൂപ്പുഴയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന വലിയതടികള്‍ തട്ടിയാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്.

ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാര മേഖലകളിലേക്കടക്കം രാത്രികാല യാത്ര രാത്രി 8 മുതൽ രാവിലെ 6 വരെ നിരോധിച്ചു. കൊക്കയാർ പഞ്ചായത്തിൽ 17 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2372.32 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134.35 അടിയായി. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇന്ന് കുണ്ടള ഡാമും തുറക്കും. കോട്ടയത്തെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു. കൂട്ടിക്കൽ സ്വദേശിയായ റിയാസാണ് ഒഴുക്കിൽ പെട്ടത്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറി. ഈരാറ്റുപേട്ടയിലെ കടകളിലും വെള്ളം കയറി തുടങ്ങി. വാകക്കാട് മേഖലയിൽ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകുന്ന നിലയിലാണ്.

മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന മഴയിൽ കിഴക്കൻമേഖലയിലെ വനാതിർത്തികളിൽ ചെറിയ രീതിയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. എന്നാൽ, കാര്യമായ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാനകൾ നിറഞ്ഞ് കവിഞ്ഞൊഴുകി നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൊച്ചി നഗരത്തില്‍ കലൂര്‍, ചിറ്റൂര്‍ റോഡ്, മേനക, എറണാകുളം സൗത്ത്, കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. എംജി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി. അഭിഭാഷകരും ജഡ്ജിമാരും ഗതാഗത കുരുക്കിൽ പെട്ടതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ മുക്കാല്‍ മണിക്കൂറോളം വൈകി. തൃശൂര്‍ ജില്ലയില്‍ അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിങ്ങൽക്കുത്ത് ഡാമിന്റെ നിലവില്‍ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ രണ്ടാം സ്ലൂയിസ് ഗേറ്റ് കൂടി തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു; കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍

സംസ്ഥാനത്ത് വ്യാപകമായ കാലവർഷക്കെടുതി ഉണ്ടായ സാഹചര്യത്തിൽ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. 8078548538 എന്ന നമ്പരിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. എല്ലാ ജില്ലാ കളക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾറൂം തുറന്നിട്ടുണ്ട്. റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈനില്‍ യോഗം വിളിച്ചുചേര്‍ത്തു.

മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നു കൊണ്ടായിരിക്കും തദ്ദേശസ്ഥാപന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാന തല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി.

Eng­lish Summary:rain dis­as­ter; Heavy dam­age in south-cen­tral dis­tricts of the state
You may also like this video

Exit mobile version