രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍ നല്ല സാധ്യതയുണ്ട്. മഴയെ ഇത് സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
മണ്‍സൂണ്‍ കാലത്ത് ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മണ്‍സൂണിനെയാണ് ആശ്രയിച്ച് നില്‍ക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസംഭരണികള്‍ നിറയ്ക്കാന്‍ മണ്‍സൂണ്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി പ്രവചനം. ജൂണ്‍ 1 മുതല്‍ ശരാശരി 445.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 453.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്.
വടക്കുകിഴക്കന്‍, കിഴക്കന്‍ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് അടക്കമുള്ള മേഖലകളില്‍ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയുടെ ചില ഭാഗങ്ങളില്‍ മഴയുടെ കുറവുണ്ടാകുമെന്നും ഐഎംഡി മേധാവി പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Rain falls in August and September; Meteorological department with warning
You may also like this video