സംസ്ഥാനത്ത് മഴ ശക്തമായി. അടുത്ത നാല് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴക്കെടുതികളില്‍ ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ മരിച്ചു.
നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റന്നാള്‍ ഈ ജില്ലകളോടൊപ്പം തൃശൂരിലും ഓറഞ്ച് അലര്‍ട്ടാണ്. നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മൂന്നിന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാലിന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര മേഖലയില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. പൊന്മുടി, കല്ലാർ, മങ്കയം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. മീൻമുട്ടിയിലും വിതുരയിലും കുടുങ്ങിയ വിനോദ സഞ്ചാരികളുടെ സംഘത്തെ രക്ഷപ്പെടുത്തി. കരമനയാർ, വാമനപുരം നദി, മങ്കയമാറ്, ചിറ്റാർ എന്നിവിടങ്ങളില്‍ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചു. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ അഞ്ചു സെന്റിമീറ്റര്‍ ഉയര്‍ത്തി.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. കാഞ്ഞിരിപ്പാറ പരേതനായ സന്തോഷിന്റെ മകന്‍ കെ ജെ അദ്വൈത്(22) ആണ് മരിച്ചത്. ചെറിയ പാലത്തിലൂടെ തോടു മുറിച്ചു കടക്കുന്നതിനിടെ അദ്വൈതും സുഹൃത്തായ സാമുവലും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപെട്ട സാമുവലിനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ വെണ്‍കുറിഞ്ഞിക്കു സമീപത്തു നിന്നും അദ്വൈതിന്റെ മൃതദേഹം കണ്ടെടുത്തു. രാജിയാണ് അദ്വൈതിന്റെ മാതാവ്: സഹോദരി: ജയേന്ദ്ര.
കൊല്ലം ജില്ലയില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഒരാള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക് പറ്റി. തമിഴ്‌നാട് സ്വദേശി കുമരന്‍ ആണ് മരിച്ചത്. കിഷോര്‍ എന്നയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ വനമേഖലയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുരുമ്പന്‍മൂഴി ക്രോസ് വേ വീണ്ടും മുങ്ങി.
English Summary: rain; Orange alert in seven districts, two dead: Eco tourism centers closed
You may like this video also