Site iconSite icon Janayugom Online

മഴ ജയിച്ചു; ഓസ്ട്രേലിയക്ക് മടക്കം, സിംബാബ്‌വെ സൂപ്പർ എട്ടില്‍,

ഓസ്ട്രേലിയക്ക് മുന്നില്‍ ആകാശം തെളിഞ്ഞില്ല. ലോക ക്രിക്കറ്റിലെ വമ്പന്മാര്‍ക്ക് 2026 ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടക്കം. ഗ്രൂപ്പ് ബിയിൽ അയർലൻഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം മഴകാരണം ഉപേക്ഷിക്കപ്പെട്ടതോടെ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഓസീസ് സൂപ്പര്‍ എട്ടിലേക്ക് പോലും പ്രവേശനം നേടാനാകാതെ പുറത്താവുകയായിരുന്നു. സിംബാബ്‌വെ സൂപ്പര്‍ എട്ടിലേക്ക് പ്രവേശനം നേടുന്ന ഏഴാമത്തെ ടീമായി. മുന്‍ മത്സരങ്ങളിൽ സിംബാബ്‌വെയോടും ശ്രീലങ്കയോടും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിൽ ആകെ അയർലൻഡിനോട് മാത്രമാണ് ഓസീസിന് വിജയിക്കാനായത്. സിംബാബ്‌വെ തങ്ങളുടെ ബാക്കിയുള്ള മത്സരങ്ങളിൽ പരാജയപ്പെട്ടാൽ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നുള്ളൂ. 

നിലവിൽ ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ശ്രീലങ്ക. മൂന്ന് മത്സരങ്ങളിൽ മൂന്നും ശ്രീലങ്ക ജയിച്ചു. രണ്ട് കളിയിൽ രണ്ടും ജയിച്ച സിംബാബ്‌വെയ്ക്ക അയര്‍ലന്‍ഡുമായി പോയിന്റ് പങ്കിട്ടതോടെ അഞ്ചുപോയിന്റായി. മൂന്ന് കളിയിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമായി രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ, ഇനി 20 ന് ഒമാനെതിരെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആ മത്സരത്തിൽ വിജയിച്ചാലും ഓസ്‌ട്രേലിയയ്ക്ക് പരമാവധി ലഭിക്കുക നാല് പോയിന്റ് മാത്രമാണ്. ഇതോടെ ഒമാനെതിരെയുള്ള ഓസ്‌ട്രേലിയയുടെ അവസാന മത്സരം വെറും ചടങ്ങായി മാറി. സിംബാബ്‌വെയെ വലിയ മാർജിനിൽ തോല്പിച്ച് നെറ്റ് റൺറേറ്റിൽ മുന്നിലെത്താനായാൽ മാത്രമേ അയർലൻഡിന് സൂപ്പര്‍ എട്ട് സാധ്യതയുണ്ടായിരുന്നുള്ളൂ. മത്സരം മഴയെടുത്തതോടെ അയർലൻഡിനും വഴിയടഞ്ഞു. 

സൂപ്പർ 8 ഘട്ടത്തിൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. 21 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെയുമാണ് ഗ്രൂപ്പ് ഒന്നില്‍ നടക്കുക, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ ഗ്രൂപ്പിലെ പ്രധാന പോരാട്ടങ്ങൾ നടക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവര്‍ ഗ്രൂപ്പ് രണ്ടില്‍ ഇടം നേടി. ഈ ഗ്രൂപ്പിലെ നാലാമത്തെ ടീമായി പാകിസ്ഥാനോ അമേരിക്കയോ എത്തും. കൊളംബോയിലും പാലേക്കലെയിലുമായാണ് മത്സരങ്ങൾ നടക്കുക. 

Exit mobile version