Site iconSite icon Janayugom Online

മഴയും കാറ്റും കാട്ടാനയും; ഏലം കൃഷി പ്രതിസന്ധിയിൽ

ശക്തമായ മഴയും കാറ്റും കാട്ടാന കൂട്ടങ്ങളും ഏലകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇക്കുറി കാലവർഷം നേരത്തെ ശക്തമായതിനോപ്പം വിവിധ ഇടങ്ങളിൽ നിന്ന് കാട്ടാന കൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നതും പതിവായി. കഴിഞ്ഞ ദിവസം പീച്ചാടിൽ കാട്ടാന കൂട്ടം ആറ് ഏക്കർ സ്ഥലത്തെ ഏലകൃഷി നശിപ്പിച്ചിരുന്നു.
വീശീയടിക്കുന്ന കാറ്റിൽ വ്യാപകമായി മരങ്ങൾ വീഴുന്നു. ഇതിനു പുറമേ, കാറ്റിൽ ചെടികൾ നിലംപതിക്കുന്നതും ഏല കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഏലത്തോട്ടങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് മൂന്ന് തൊഴിലാളികളാണ് മരിച്ചത്. ഇതോടെ തൊഴിലാളികളെ തോട്ടത്തിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയായി.
മഴ നീണ്ടുനിൽക്കുന്നത് ഏലച്ചെടികളിൽ അഴുകൽ രോഗം രൂക്ഷമാകുന്നതിനും കാരണമായിട്ടുണ്ട്. പ്രതിരോധ മരുന്ന് തളിക്കലും പ്രതിസന്ധിയിലായതോടെ വ്യാപകമായി ഏലം നശിക്കുകയാണെന്നാണ് ഉടമകൾ പറയുന്നത്. 

പൂപ്പാറ, ശാന്തൻപാറ, ചിന്നക്കനാൽ, ബിയൽ റാം, പീച്ചാട് തുടങ്ങിയ മേഖലകളിൽ കാട്ടാകൂട്ടങ്ങൾ ഇറങ്ങി തോട്ടങ്ങൾ തകർക്കുകയാണ്. ഇത്തരത്തിലും വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. ഏലത്തിന് കുത്തനെ ഉണ്ടായിരിക്കുന്ന വില ഇടിവ് മൂലം കർഷകർ നട്ടംതിരിഞ്ഞിരിക്കുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും വന്യജീവി ശല്യവും വലിയ നാശം ഉണ്ടാക്കുന്നത്. മറ്റെല്ലാ കൃഷികൾക്കും സർക്കാർ നഷ്ടപരിഹാരം നൽയുമ്പോൾ ഏലകർഷകർക്ക് ഒരുവിധ സഹായവും ലഭിക്കുന്നില്ല. മക്കളുടെ വിദ്യാഭ്യസം, വിവാഹം മുതലായവ ഇത് മൂലം പ്രതിസന്ധിയിലായി. പല കർഷകരും ലോൺ എടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ലോൺ കുടിശിഖക യായതോടെ നൂറുകണക്കിന് കർഷകർ വിവിധ ബാങ്കുകളുടെ ജപ്തി ഭീഷണിയും നേരിടുന്നു. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു. 

Exit mobile version