സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ നാളെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദവും മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
കൂടാതെ, പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദവും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നതും കണക്കിലെടുത്ത് രണ്ട് ദിവസക്കാലം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.