കേരളത്തിൽ മേയ് 24 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ലഭിച്ച മഴ സാധാരണ നിലയെക്കാൾ 2.5 ശതമാനം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ആകെ 1945.5 എംഎം മഴയാണ് രേഖപ്പെടുത്തിയത്.
സാധാരണയായി ഇതേ കാലയളവിൽ ലഭിക്കേണ്ടത് 1898.8 എംഎമാണ്. ഈ വർഷം മൺസൂൺ നേരത്തെ എത്തിയതിനാൽ മേയ് 24 മുതൽ 31 വരെ ഏഴ് ദിവസങ്ങളില്‍ മാത്രം 400 എംഎം മഴയാണ് ലഭിച്ചത്. തുടർന്ന് ജൂൺ മുതൽ ഓഗസ്റ്റ് 31 വരെ 1545.5 എംഎം മഴയാണ് രേഖപ്പെടുത്തിയത്. സാധാരണയായി 1746.9 എംഎം ലഭിക്കേണ്ടതിനാൽ 12 ശതമാനം കുറവുണ്ടായെങ്കിലും അത് ‘സാധാരണ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ കൂടുതൽ മഴയാണ് ലഭിച്ചത്. 2024ലെ കാലവർഷത്തിൽ 10 ശതമാനം മഴ കുറവായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്–3305.6 എംഎം. ഏറ്റവും കുറവ് ലഭിച്ചത് മലപ്പുറത്ത് 1687 എംഎമാണ്. ജില്ലാതല കണക്കുകൾ പ്രകാരം ഇടുക്കി (1920.6 എംഎം), വയനാട് (1779.5 എംഎം), മലപ്പുറം (1687 എംഎം) ജില്ലകളിലാണ് മഴ അപര്യാപ്തമായി രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിൽ സാധാരണ നിലയിലാണ് മഴ ലഭിച്ചത്.
ആലപ്പുഴ (1709.8 എംഎം), എറണാകുളം (2051.6 എംഎം), കാസറഗോഡ് (2878.7 എംഎം), കൊല്ലം (1379.8 എംഎം), കോട്ടയം (1773.5 എംഎം), കോഴിക്കോട് (2480 എംഎം), പാലക്കാട് (1660.1 എംഎം), പത്തനംതിട്ട (1851.3 എംഎം), തിരുവനന്തപുരം (1058 എംഎം), തൃശൂർ (2248.9 എംഎം), മാഹി (2727.7 എംഎം) എന്നിവിടങ്ങളിലാണ് സാധാരണ മഴ രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 766.7 എംഎം മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 856.9 എംഎം ആയതിനാൽ 11 ശതമാനം കുറവുണ്ടായെങ്കിലും അത് ‘സാധാരണ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ മഴ സാധാരണ നിലയിൽ; കൂടുതൽ കണ്ണൂരിൽ, കുറവ് മലപ്പുറത്ത്

