Site icon Janayugom Online

തമിഴ്‌നാട്ടിലെ മഴ വില്ലനായി: വെളുത്തുള്ളി വില കുതിക്കുന്നു

തമിഴ് നാട്ടിലെ മഴ വില്ലനായതോടെ വെളുത്തുള്ളി വില കുതിക്കുന്നു. കാൽകിലോ വെളുത്തുള്ളി വാങ്ങണമെങ്കിൽ 70–80 രൂപ വരെ കൊടുക്കേണ്ടി വരും. കിലോയ്ക്ക് 320 രൂപയാണ് ചില്ലറവിൽപ്പനയിലുള്ളത്. ഉത്തർ പ്രദേശ്, ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നാണ് ആലപ്പുഴയിലേക്ക് വെള്ളുത്തുള്ളി എത്തിക്കുന്നത്. പ്രധാനമായും തമിഴ്‌നാട്ടിൽനിന്നു തന്നെ. മഴ മൂലം വെളുത്തുള്ളി കൃഷിക്ക് താമസമുണ്ടായി. പുതിയ സ്റ്റോക്ക് ഡിസംബറിൽ എത്തേണ്ടതായിരുന്നു. നിലവിൽ സ്റ്റോക്ക് ഉള്ളത് മാത്രമാണ് വിപണിയിലുള്ളത്. 

ഏറ്റവും കൂടിയ വെളുത്തുള്ളിക്കാണ് ഇപ്പോൾ 320 രൂപയിലെത്തിരിക്കുന്നത്. അതിൽ കുറഞ്ഞ വെളുത്തുള്ളിക്ക് 280 രൂപയുമുണ്ട്. ഇതോടെ കാൽകിലോ വെളുത്തുള്ളി വാങ്ങിയിരുന്നവർ ഇപ്പോൾ ഉപയോഗം ചുരുക്കി 100ഉം 200ഉം ഗ്രാം മാത്രമാണ് വാങ്ങിച്ചു മടങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു. രണ്ടാഴ്ച മുൻപ് 200 രൂപയോളമായിരുന്നു വില. ഇഞ്ചിക്കും വില 240 രൂപയോളമെത്തിയിട്ടുണ്ട്. എറ്റവും നല്ല ഇഞ്ചിക്കാണ് ഈ വില. 

ഗുണമേന്മ കുറഞ്ഞത് പലയിടങ്ങളിലും വഴിയരികിൽ വിൽക്കുന്നുണ്ട്. ഇവയ്ക്ക് വില കുറവാണ്. ഇടക്കാലത്ത് വില കുറഞ്ഞിരുന്ന മുരങ്ങയ്ക്കയ്ക്കുമുണ്ട് വില നൂറിനുമുകളിൽ. മൊത്തവ്യാര മേഖലയിൽ 140ളം ചില്ലറവിൽപ്പനയിൽ 160 രൂപയും വിലയുണ്ട്. തമിഴ്‌നാട്ടിൽനിന്നാണ് ആലപ്പുഴയിലേക്ക് ആവശ്യമായിട്ടുള്ളവ എത്തിക്കുന്നത്. മഴമൂലം ഉത്പാദനം കുറഞ്ഞത് തന്നെയാണ് വില ഉയരാൻ കാരണം. അതേസമയം ഉള്ളിക്കും സവാളയ്ക്കും വില കുറഞ്ഞിട്ടുണ്ട്. ഉള്ളിക്ക് 40–50 രൂപയും സവാളയ്ക്ക് 26–35 രൂപയുമാണ് മൊത്തവ്യാപാര വില. 

Eng­lish Sum­ma­ry: Rains in Tamil Nadu: Gar­lic prices soar

You may also like this video

Exit mobile version