Site iconSite icon Janayugom Online

കേരള സമൂഹത്തിൽ ശാസ്ത്ര ബോധവും പരിസ്ഥിതിബോധവും വളർത്തി; പ്രകൃതിചൂഷണത്തിനെതിരെ ഡോ. എ അച്യുതന്റെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍

പ്രകൃതിചൂഷണത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച പരിസ്ഥിതി വാദിയായിരുന്നു ഡോ. എ അച്യുതന്‍. പ്രകൃതിയുടെ അമിത തരത്തിലുള്ള ചൂഷണം ചെയ്യലിനെതിരെ അദ്ദേഹം നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ കേരള ചരിത്രത്തില്‍ ഇടം നേടിയവയാണ്. പൊതുസമ്പത്തായ നീരുറവയെ തടയാനും ചൂഷണം ചെയ്യാനും അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കുമുമ്പില്‍ അദ്ദേഹം ഇച്ഛാശക്തിയോടെ വാദിച്ചു. കേരള സമൂഹത്തിൽ ശാസ്ത്ര ബോധവും പരിസ്ഥിതിബോധം വളർത്തുന്നതിൽ അദ്ദേഹം നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. എൻഡോസൾഫാൻ ഇരകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോർട്ട് ഡോ. അച്യുതന്റെ നേതൃത്വത്തിലാണു തയാറാക്കിയത്. 

പരിസ്ഥിതി, ഊർജം, സാനിറ്റൈസേഷൻ, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ശ്രദ്ധേയനായി. പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചു. പ്രാദേശിക തലത്തില്‍പ്പോലും പ്രകൃതിസംരക്ഷണ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് ഏതറ്റംവരേയും പോകാന്‍ അദ്ദേഹം പ്രകൃതി സ്നേഹികളോട് ആഹ്വാനം ചെയ്തു. ജൈവതടയണകൾ മാത്രമെ നിർമിക്കാവൂവെന്ന പ്രകൃതിസംരക്ഷണ പ്രവർത്തകരുടെ ആവശ്യത്തെ പൂർണമായും അവഗണിച്ചതാണു കോഴിക്കോട് കട്ടിപ്പാറ ദുരന്തത്തിന് ആഘാതം കൂട്ടിയതെന്ന് അദ്ദേഹം വിശ്വസിച്ചു. 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവര്‍ത്തിച്ച അദ്ദേഹം കേരള പരിസര സംരക്ഷണ സമിതി, പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി തുടങ്ങിയവയുടെ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചു. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി, സ്ഥപതി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. സൈലന്റ് വാലി ദേശീയോദ്യാന ജൂബിലി അവാർഡ്, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അവാർഡ്, പവനൻ അവാർഡ്, പി പി ഉമ്മർകോയ അവാർഡ്, എ ടി കോവൂർ അവാർഡ്, പി ആർ നമ്പ്യാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 16 പുസ്തകങ്ങൾ, പന്ത്രണ്ടോളം ശാസ്ത്ര ബന്ധങ്ങൾ, നൂറിലധികം ശാസ്ത്രലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിപഠനത്തിന് ഒരാമുഖം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
യുജിസി, കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ്, കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ് എന്നിവയുടെ വിദഗ്ധസമിതികളിലും വിവിധ സർവകലാശാലകളിൽ പഠനബോർഡ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതേതര പഠന ഫാക്കൽറ്റിയുടെ ഡീനായും പ്രവർത്തിച്ചു. പ്ലാച്ചിമട ജനകീയാന്വേഷണ കമ്മീഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ, ഇഎംഎസ് ഭവനനിർമാണകമ്മിറ്റി എന്നിവയുടെ അധ്യക്ഷനും പെരിയാർവാലി പദ്ധതിയുടെ അന്വേഷണസമിതിയിൽ അംഗവുമായിരുന്നു. 

കേരള സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും മദ്രാസ് ഐഐടിയിൽ നിന്ന് പിഎച്ച്ഡിയും നേടിയ ഡോ. അച്യുതന്‍ കുറച്ചുകാലം കേരള പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്തു. തുടർന്ന് തൃശ്ശൂർ, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലും അധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും കേന്ദ്ര ഗവ. ശാസ്ത്രസാങ്കേതിക വകുപ്പിൽ പ്രോജക്ട് ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. മരണശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്നതാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച് മൃതദേഹം ഇന്ന് ആശുപത്രിക്ക് കൈമാറും. മൃതദേഹം കുളിപ്പിക്കുകയോ പുഷ്പചക്രം സമര്‍പ്പിക്കുകയോ പൊതുദര്‍ശനത്തിന് വെയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ബന്ധുക്കള്‍ക്ക് നമല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish Summary:Raised sci­en­tif­ic aware­ness and envi­ron­men­tal aware­ness in Ker­ala soci­ety; Dr. Achuthan
You may also like this video

Exit mobile version