Site iconSite icon Janayugom Online

രാജ്‌ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസാക്കരുത്; ബിനോയ് വിശ്വം

ആര്‍എസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റില്ലെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ കടുംപിടിത്തം അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണ്. ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലാത്ത നിലയിലാണ്. ആ പദവി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകമായി അധഃപതിക്കുകയാണ്. രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ കാണരുത്. ഭരണഘടനാമൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാട് സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ല. 

രാജ്‌ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫിസാക്കി മാറ്റരുത്. ഭാരതമാതാവ് എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ആവേശം നല്‍കുന്ന പ്രതീകമാണ്. പക്ഷെ ആ ഭാരതാംബയ്ക്ക് ആര്‍എസ്എസ് കല്പിക്കുന്ന മുഖച്ഛായ വേണമെന്നും ശാഖയില്‍ ഉയര്‍ത്തുന്ന കൊടി ഭാരതമാതാവ് പിടിക്കണമെന്നും ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടേതല്ലാത്ത ഭൂപടം വേണമെന്നുമുള്ള പിടിവാശി രാജ്യം അംഗീകരിക്കില്ല. ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട് ഇന്ത്യയുടെ ഭൂപടമെന്താണെന്ന്. ആര്‍എസ്എസിന് ഇഷ്ടമില്ലാത്തതും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വവുമായ ജവഹര്‍ ലാല്‍ നെഹ്രു കൃത്യമായി പറയുന്നുണ്ട് ആരാണ് ഭാരതമാതാവെന്ന്. ‘ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോള്‍ ഭാരതത്തിലെ എല്ലാ ചരാചരങ്ങള്‍ക്കുമാണ് ജയ് വിളിക്കുന്നത്.’ ആ ഉദാത്തഗംഭീരമായ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഓര്‍ക്കുന്നു. ആ നിര്‍വചനം വായിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version