രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പിന്‍വലിക്കുന്നു. ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് അശോക് ഗെലോട്ടിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ 91 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയത്. ഇതോടെ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തുതുടരുകയായിരുന്നു. എംഎല്‍എമാരുടെ രാജിയില്‍ ഗെലോട്ട് പക്ഷ നേതാവായ സ്പീക്കര്‍ സി പി ജോഷി നടപടിയൊന്നും സ്വീകരിച്ചുമില്ല.
രാജിയില്‍ സ്പീക്കറുടെ നിഷ്‌ക്രിയ നിലപാടിനെതിരെ ബിജെപി നേതാവ് രാജേന്ദ്ര റാത്തോറാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞമാസം ആറിന് സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ രാജി പിന്‍വലിക്കാന്‍ തയ്യാറെടുക്കുന്നത്.
ഈ മാസം 23ന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ രാജിവയ്ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ സ്വമേധയാ തന്നെ രാജി പിന്‍വലിക്കുകയാണെന്നും ധരിവാദ് എംഎല്‍എ നാഗരാജ് മീണ മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Rajasthan MLAs withdraw their resignations
You may also like this video