Site iconSite icon Janayugom Online

കേരളത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും കൊടുക്കാതിരുന്നിട്ടും കേന്ദ്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നതിന് പകരം കേരളത്തോടുള്ള പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിരവധി പദ്ധതികള്‍ കേരളത്തിന് നല്‍കിയിട്ടും അതൊന്നും നടപ്പിലാക്കാത്തതുകൊണ്ടാണ് ഇത്തവണ ഒന്നും നല്‍കാതിരുന്നതെന്നും കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ മാത്രമെ വികസന പദ്ധതികളുണ്ടാകൂയെന്നും രാജീവ് ചന്ദ്രശേഖര്‍ ന്യായീകരിച്ചു.
കേരളത്തിന് ഒന്നും കിട്ടീട്ടില്ല എന്ന് പറഞ്ഞ് പ്രചരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒരു കാര്യം മാത്രമെ പറയാനുള്ളൂ. ഇതിന് മുമ്പ് കഴിഞ്ഞ പത്ത്, പതിനൊന്ന് വര്‍ഷമായി ഒരുപാട് പദ്ധതികള്‍ കൊടുത്തിട്ടുണ്ട്. അതൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും 2017ല്‍ എയിംസ് വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നുമൊക്കെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ ന്യായീകരിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതിവേഗ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെലവഴിക്കാന്‍ കാശുണ്ടാകണം. ഇതുവരെ കൊടുത്ത പദ്ധതികളൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രി എല്ലാം ചെയ്യുമെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്നിട്ടാണ് റെയില്‍ ഉണ്ടാക്കാന്‍ പോകുന്നത്. പണം ആകാശത്തുനിന്ന് വരുമോ? കേരളത്തില്‍ കേരളത്തില്‍ എന്തുകൊണ്ട് വികസനം നടക്കുന്നില്ല എന്നത് ചര്‍ച്ചയാകണം. ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എയിംസിന് സ്ഥലമേറ്റെടുത്ത കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എയിംസിനെക്കുറിച്ച് പറഞ്ഞ് വിവാദമാക്കാന്‍ താല്പര്യമില്ല, ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അത് കഴിഞ്ഞ് നമുക്ക് സംസാരിക്കാമെന്നുമായിരുന്നു മറുപടി. 

Exit mobile version