ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ(47) തുടർ ചികിത്സയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓഗസ്റ്റ് 24നാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് രാജേഷ് കുഴഞ്ഞുവീണതും ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ലേക് ഷോർ ആശുപത്രിയിൽ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻ്ററോളജി, ഒഫ്താൽമോളജി വിദഗ്ധർ ചേർന്ന പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രാജേഷ് കേശവിനെ ഡിസ്ചാർജ് ചെയ്ത വിവരം മെഡിക്കൽ ബുള്ളറ്റിനിലൂടെ ലേക് ഷോർ ആശുപത്രി അറിയിച്ചിട്ടുണ്ട്.
തുടർ ചികിത്സയുടെ ഭാഗമായി സ്പെഷലൈസ്ഡ് റീഹാബിലിറ്റേഷന് വേണ്ടിയാണ് അദ്ദേഹത്തെ വെല്ലൂരിലേക്ക് മാറ്റിയത്. എയർ ആംബുലൻസിൽ ആണ് കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് എത്തിച്ചത്. രാജേഷ് കേശവിൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

