Site iconSite icon Janayugom Online

രാജ്യസഭ; കരുനീക്കം ശക്തമാക്കി ബിജെപി, ശിവസേന: എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍

resortresort

മഹാരാഷ്ട്രയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്വതന്ത്ര എംഎല്‍എമാര്‍ക്ക് വാഗ്ദാനങ്ങളുമായി ബിജെപിയും ശിവസേനയും. സംസ്ഥാനത്തുനിന്ന് ആറ് പേര്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നിരിക്കെ, ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുവന്നതോടെയാണ് സ്വതന്ത്ര എംഎല്‍എമാരെ കൂടെനിര്‍ത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഇരുപാര്‍ട്ടികളും ആരംഭിച്ചത്. 

മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേന ഉറപ്പുനല്‍കുമ്പോള്‍, മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ നിന്ന് മോചിപ്പിക്കുമെന്നും സ്വതന്ത്ര എംഎല്‍എമാര്‍ക്ക് ബിജെപി ഉറപ്പുകൊടുത്തിരിക്കുകയാണ്.
22 വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് നടത്തേണ്ടിവരുന്നത്. ജൂണ്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 42 എംഎല്‍എമാരുടെ പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത്. ബിജെപിക്ക് 105, ശിവസേനയ്ക്ക് 55, എന്‍സിപിക്ക് 54, കോണ്‍ഗ്രസിന് 42 എന്നിങ്ങനെയാണ് എംഎല്‍എമാരുടെ എണ്ണം. ഇതിനുപുറമെ ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ 29 എംഎല്‍എമാരുമുണ്ട്.
നേരത്തെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന് അനുകൂലമായി നിന്നിരുന്ന മൂന്നോ നാലോ സ്വതന്ത്ര എംഎല്‍എമാരെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതിലുള്‍പ്പെടെ കാര്യമായി പരിഗണിച്ചിരുന്നില്ലെന്ന സ്ഥിതിയുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ പഴയ പ്രശ്നങ്ങളെല്ലാം തീര്‍ക്കുന്നതിനായി അവര്‍ ശിവസേനയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. 

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവിധ കേസുകളുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ച ചില സ്വതന്ത്ര എംഎല്‍എമാര്‍ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ബിജെപിക്ക് വോട്ട് ചെയ്യാനുള്ള തീരുമാനത്തിലാണെന്നും സൂചനയുണ്ട്. സ്വതന്ത്രരും ചെറിയ പാര്‍ട്ടികളുടെ എംഎല്‍എമാരും തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ബിജെപിയും ശിവസേനയും അവകാശപ്പെടുന്നത്.
അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുതിരക്കച്ചവടം ഭയന്ന് മഹാരാഷ്ട്രയിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം പക്ഷത്തുള്ളവരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിത്തുടങ്ങി. മലാഡ് റിസോര്‍ട്ടിലേക്കാണ് ശിവസേനയുടെ 55 എംഎല്‍എമാരെ മാറ്റിയത്. നരിമാന്‍ പോയിന്റിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുള്ളത്. ബിജെപിയും സ്വന്തം പക്ഷത്തുള്ളവരെ റിസോര്‍ട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Rajya Sab­ha; BJP, Shiv Sena inten­si­fy maneu­ver­ing: MLAs at resorts

You may like this video also

Exit mobile version