കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത അങ്ങേയറ്റം നീതിരഹിതവും വിവേചനപൂർവവുമായ നടപടിയാണ് കേരളത്തിനുള്ള വായ്പാപരിധി വെട്ടിക്കുറച്ചതിലൂടെ സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്യധികം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സംസ്ഥാനത്തിന് അവകാശപ്പെട്ടതും ഫെഡറൽ തത്വങ്ങൾക്കനുസൃതമായ നയം സ്വീകരിക്കുന്നതിനു പകരം തികച്ചും രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രനീക്കം. തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾക്കും സാമൂഹ്യ പെൻഷൻ, തുടങ്ങിയ ക്ഷേമപദ്ധതികൾക്കും തടസം സൃഷ്ടിക്കുന്നതിന് കേന്ദ്ര നടപടി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി അധികാരത്തിൽ വന്ന കാലം മുതൽ കേരളത്തോട് കടുത്ത സാമ്പത്തിക അവഗണനയാണ് വച്ച് പുലർത്തുന്നത്. നിരവധി ഉദാഹരണങ്ങൾ എടുത്തു പറയാൻ കഴിയും. ഡിവിസിബിൾ പൂളിൽ നിന്നും പത്താം ധനകാര്യ കമ്മിഷൻ കേരളത്തിന് അനുവദിച്ചിരുന്നത് 3.875 ശതമാനം വിഹിതം ആയിരുന്നു. എന്നാലിത് 15-ാം ധനകാര്യ കമ്മിഷന്റെ കാലമായപ്പോൾ 1.925 ശതമാനത്തിലെത്തി. ഈ വെട്ടിക്കുറയ്ക്കലുകളുടെ ഫലമായി കേരളത്തിന്റെ മൊത്ത വരുമാനത്തിൽ പ്രതിവർഷം പതിനായിരക്കണക്കിന് കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. അതുപോലെ റവന്യു ഗ്രാന്റിൽ കുറവു വരുത്തിയതു കാരണം 6,700 കോടി രൂപയുടെ നഷ്ടമുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം കേരളം ആഭ്യന്തര ഉല്പാദന സ്ഥിരവിലയിൽ 12.01 വർധനവ് ഉണ്ടാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. എൽഡിഎഫ് സര്‍ക്കാരിന്റെ മികച്ച ധനകാര്യ മാനേജ്മെന്റാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. കോ ഓപറേറ്റീവ് ഫെഡറൽ തത്വങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വായ്പാ പരിധിയും ഗ്രാന്റും ഇപ്പോൾ കുറച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ബജറ്റിൽ 32,000 കോടി പ്രതീക്ഷിച്ചിടത്താണ് 15,390 കോടിയായി വായ്പാ പരിധി നിർണയിച്ചിരിക്കുന്നത്. ഈ വെട്ടിക്കുറയ്ക്കലിന് ഒരു ന്യായീകരണവും കേന്ദ്രമന്ത്രി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ നടപടി തിരുത്താനും കേരളത്തിന് അർഹതപ്പെട്ട വായ്പാപരിധി പുനഃസ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമം: സിപിഐ(എം)
കേരളത്തിന് അർഹമായ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ(എം). ഗ്രാന്റുകളും, വായ്പകളും നിഷേധിക്കുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്ത് നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്.
കേരളത്തിൽ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികൾക്കും കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. ഇതിനുപുറമെയാണ് നിർബന്ധമായും നൽകേണ്ട സാമ്പത്തിക അനുമതികളിൽ കൈകടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറവ് വരുത്തിയതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല.
സംസ്ഥാനത്തിന്റെ വികസന‑ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഇത് സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും. ജനങ്ങളാകെ ഒരുമിച്ച് സംസ്ഥാന താല്പര്യം ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. സാമ്പത്തികമായി കടുത്ത വിലക്ക് ഏർപ്പെടുത്തുന്നതിന് സമാനമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
English Summary;rally together against the neglect of the central government
You may also like this video