Site icon Janayugom Online

അഹല്യയും സീതയും രാമായണത്തിലെ പാതിവ്രത്യ പരീക്ഷകളും

ഗൗതമ മഹർഷിയുടെ ധർമ്മപത്നിയായ അഹല്യ അതീവ സുന്ദരിയായിരുന്നു. തപസ്സിന്റെ ശോഭയെക്കാൾ കാമത്തിന്റെ ശോഭയാലാണ് അഹല്യയുടെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ ജ്വലിച്ചിരുന്നത്. കാമാഗ്നിയാൽ പ്രഭാവതിയായ അഹല്യയെ ദേവേന്ദ്രനും പ്രാപിക്കാൻ മോഹം തോന്നി. ഗൗതമമുനി രാവിലെ കുളിക്കാൻ പർണശാല വിട്ടു പുറത്തുപോയ സമയത്ത് കാമാർത്തനായ ദേവേന്ദ്രൻ മുനിപത്നിയെ സമീപിച്ച് സംഭോഗ താല്പര്യം അറിയിച്ചു. ആർത്തവ സമയമാണ് എന്നൊരു നനുത്ത വിലക്ക് അഹല്യ ദേവേന്ദ്രനോടു പറഞ്ഞിട്ടുണ്ടാവണമെന്ന് താഴെ ഉദ്ധരിക്കുന്ന രാമായണ വാക്യത്തിൽ നിന്ന് മനസിലാക്കാം. അഹല്യയോട് ഇന്ദ്രൻ പറയുന്നു; ‘ഋതുകാലം പ്രതീക്ഷന്തേ നാർത്ഥിനഃ സുസമാഹിതേ\സംഗമം ത്വഹമിച്ഛാമി ത്വയാ സഹ സുമദ്ധ്യമേ’ [വാല്മീകി രാമായണം; ബാലകാണ്ഡം; സർഗം48; ശ്ലോകം18]. ‘കാമികൾ ഋതുകാലവും മറ്റും നോക്കാറില്ല; അല്ലയോ ഒതുങ്ങിയ അരക്കെട്ടുള്ളവളേ നിന്നോടൊപ്പം സംഗമിക്കാൻ ഞാൻ കൊതിക്കുന്നു’ ഇതാണ് ഇന്ദ്ര വാക്യാർത്ഥം. ഗൗതമ മുനിപത്നിയായ അഹല്യ ഇന്ദ്രന്റെ ഇംഗിതത്തിനു വഴങ്ങുന്നു.

സംഭോഗശേഷം ജാര പരിഭ്രമത്തോടെ പുറത്തിറങ്ങുന്ന മുനി വേഷധാരിയായ ഇന്ദ്രനെ കണ്ട് ഗൗതമമുനി ശപിക്കുന്നു; ഇന്ദ്രനോടൊപ്പം ശാപ ശിക്ഷ ഏറ്റുവാങ്ങി ശിലാസമാനമായ ഏകാന്ത തപസ്യയിൽ അഹല്യ കഴിയേണ്ടി വരുന്നു. ഈ ശാപത്തിൽ നിന്ന് അഹല്യക്ക് ശ്രീരാമൻ മോക്ഷം നൽകുകയും ഗൗതമമുനിയോടൊത്ത് പുനർജാവനം അഹല്യക്ക് സാധ്യമാക്കി തീർക്കുകയും ചെയ്യുന്നു. എന്നാൽ മുനിപത്നിയുടെ പാതിവ്രത്യലംഘനത്തിനും പരപുരുഷനുമൊത്തുള്ള അവിഹിത വേഴ്ചയ്ക്കും ശാപമോക്ഷം നൽകിയ ശ്രീരാമൻ പാതിവ്രത്യ ശങ്ക തീർക്കാൻ അഗ്നിശുദ്ധി വരുത്തിയിട്ടും സീതയെന്ന സ്വന്തം പത്നിയെ ഗർഭിണിയായിരിക്കെ തന്നെ കാട്ടിൽ തള്ളുകയാണ് ചെയ്യുന്നത്. അഹല്യക്ക് ശാപമോക്ഷം കൊടുത്ത ശ്രീരാമന്റെ ദിവ്യ ശക്തി സീതയെ കാട്ടിൽ തള്ളാതെ കൂടെ പാർപ്പിക്കാൻ എന്തുകൊണ്ടു പ്രവർത്തനക്ഷമമായില്ല. ? ഈയൊരു ചോദ്യം ചോദിക്കാതെ രാമായണത്തിലെ പാതിവ്രത്യ ദർശനത്തെ മനനശീലർക്ക് വെറുതെ വിടാനാവില്ല. അഹല്യ തെറ്റു ചെയ്തിട്ടാണ് ഗൗതമമുനി അവളെ കാട്ടിൽ കളഞ്ഞ് ഒറ്റപ്പെടുത്തിയത്. എന്നാൽ, സീത എന്തു തെറ്റു ചെയ്തിട്ടാണ് അഹല്യക്കു ശാപം മോക്ഷം നൽകിയ രാമൻ സീതയെ കാട്ടിൽ കളഞ്ഞ് ഒറ്റപ്പെടുത്തിയത്. . ? അഹല്യ ഗൗതമമുനിയുടെ പത്നിയായിരിക്കേ തന്നെ ഇന്ദ്രനെന്ന പരപുരുഷനോടൊപ്പം കാമാർത്തിയോടെ സഹശയനം ചെയ്തു. അത് ഒരു തെറ്റാണ്. ഏതു തെറ്റും ആരു ചെയ്താലും ശിക്ഷാർഹവുമാണ്.

അതേസമയം ഒരു ശിക്ഷയും അനന്തകാലത്തേക്കുള്ളതല്ല എന്നതിനാൽ ഏതു ശിക്ഷയ്ക്കും ശാപമോചനം ഉണ്ടാവുന്നതും ന്യായമാണ്. പക്ഷേ രാമ പത്നിയായ സീതയെ ലങ്കാധിപൻ മുനിവേഷം കെട്ടിച്ചെന്ന് ബലാൽ അപഹരിച്ചെങ്കിലും, സീത കാമദൃഷ്ടിയോടെ രാവണ പൗരുഷത്തെ ഒരു തവണ പോലും നോക്കിയിട്ടില്ല. എന്നാല്‍ സീതയെ ഗർഭിണി എന്ന പരിഗണനപോലും ഇല്ലാതെ, ആരോ പറഞ്ഞ അപവാദം പ്രമാണമായെടുത്ത്, കാട്ടിലേക്ക് തള്ളിയ രാമനീതി ഏതു കാട്ടുനീതിയെക്കാളും മോശമാണ്. രാമരാജ്യത്തിൽ വ്യഭിചാരിണികൾക്ക് ശാപമോക്ഷവും പതിവ്രതകൾക്ക് കാനനത്തടങ്കലും ആണോ ലഭിക്കുക എന്നു ചിന്തിക്കാൻ അഹല്യയോടും സീതയോടും രാമൻ ചെയ്ത നടപടികൾ വഴിയൊരുക്കുന്നുണ്ട്.

Exit mobile version