Site iconSite icon Janayugom Online

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായി ; കോൺഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി നിർത്തിയ കെപിസിസി നേതൃത്വത്തിനെതിരെ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷ വിമർശനം . ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിലാണ് സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും നേതാക്കളുടെ വിമർശനമുണ്ടായത് . കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചുവാങ്ങിയ അടിയെന്നും വിമര്‍ശനമുയര്‍ന്നു.

ചേലക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിലാണ് പോര് തുടരുന്നത്. രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു . സ്ഥാനാര്‍ത്ഥി വളരെ മോശമായിരുന്നു. അത് എല്ലാവർക്കും നൂറ് ശതമാനം ഉറപ്പായിരുന്നു. പക്ഷെ നമുക്ക് അത് പുറത്തുപറയാൻ പറ്റില്ല. പാർട്ടി അവതരിപ്പിച്ചത് രമ്യയെ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലെന്നും അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പറയുന്നു. പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എന്നാൽ സ്ഥാനാർത്ഥി കൂടി വിചാരിക്കണമായിരുന്നുവെന്നും, വേറൊരാൾ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ക്ലിയർ ആകുമായിരുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്. 

ബിജെപിക്ക് ചേലക്കരയില്‍ നേട്ടമുണ്ടാക്കാനുമായതും സജീവ ചര്‍ച്ചയാണ്. വെറും വാര്‍ഡ് മെമ്പറായ കെ ബാലകൃഷ്ണനെ മത്സരിപ്പിച്ച് പതിനായിരം വോട്ട് ബിജെപിക്ക് നേടാനായപ്പോളാണ് രമ്യക്ക് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതെന്നും ഗ്രൂപ്പില്‍ പറയുന്നു.ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നാണ് കോൺഗ്രസിനുള്ളിൽ പൊതുവിമർശനം. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയ മുന്നണികള്‍ നേട്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടി. 

Exit mobile version