Site iconSite icon Janayugom Online

ആലത്തൂരിലെ പരാജയകാരണം രമ്യ ഹരിദാസിന്റെ വീഴ്ച്ച

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെടാൻ കാരണം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് കോൺഗ്രസ് പ്രത്യേക സമിതി അന്വേഷണ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ട് ഉന്നത സമിതിക്ക് അയച്ചിട്ടുണ്ട്. നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാര്‍ത്ഥിയുടെ വീഴ്ച്ചയും തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍. 

അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രമ്യക്കെതിരെ കോണ്‍ഗ്രസ്സ് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. സംസ്ഥാത്ത് ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കടുത്ത നടപടികള്‍ ഒഴിവാക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരില്‍ രമ്യയെ മറികടന്ന് എൽഡിഎഫ് സ്ഥാനാർഥിയും മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് വിജയിച്ചത്. 20,143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. 2019 ൽ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യിൽ നിന്നാണ് ആലത്തൂര്‍ ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. 5,33,815 വോട്ട് നേടിയാണ് രമ്യ ഹരിദാസ് 2019ല്‍ വിജയിച്ചത്. സ്ഥാനാർഥിക്കും പാലക്കാട്, തൃശൂർ ജില്ലയിലെ ചില നേതാക്കൾക്കും വീഴ്ച സംഭവിച്ചെന്ന ആരോപണത്തെത്തുടർന്നാണ് കെ സി ജോസഫ്, ടി സിദ്ദിഖ്, ആർ ചന്ദ്രശേഖരൻ എന്നിവരെ അന്വേഷണത്തിനു കെപിസിസി നിയോഗിച്ചത്.

Exit mobile version