Site iconSite icon Janayugom Online

റാണ ആവശ്യപ്പെട്ടത് പേനയും പേപ്പറും ഖുര്‍ ആനും; 10മണിക്കൂര്‍ ചോദ്യം ചെയ്യല്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹവൂര്‍ റാണയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദേശിയ അന്വേഷണഏജന്‍സി. ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ചോദ്യം ചെയ്യാനുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം ഡല‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം, റാണയുടെ വൈദ്യപരിശോധന ഉറപ്പാക്കാനും അഭിഭാഷകനെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കാനും ശ്രമിക്കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ റാണ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ജയ റോയിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് ചോദ്യം ചെയ്യുന്നത്.

പേന, പേപ്പര്‍ അല്ലെങ്കില്‍ നോട്ട്പാഡ്, ഖുർആൻ എന്നിവ മാത്രമാണ് റാണ ഇതുവരെ ആവശ്യപ്പെട്ടതെന്നും എന്‍ഐഎയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിജിഒ കോംപ്ലക്‌സിലെ ഭീകരവിരുദ്ധ ഏജന്‍സിയുടെ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും കാവലുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യം റാണ ഇതുവരെ ഉന്നയിച്ചിട്ടില്ല. മറ്റേതൊരു പ്രതിക്കും നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ചോദ്യം ചെയ്യുന്നത്. മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇയാള്‍ യാത്ര നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കൊച്ചിയില്‍ റാണ പലവട്ടം വന്നതായി മുന്‍ ഡിജിപയും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെല്ലിന്റെ തലവനായിരുന്ന ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു. 2019‑ല്‍ എഫ്ബിഐയുടെ അറസ്റ്റിലായ റാണ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്. റാണയെ ഇന്ത്യയിലെത്തിക്കാന്‍ വിവിധ ഏജന്‍സികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. 

Exit mobile version