Site icon Janayugom Online

രണ്ട് (അ)പരിചിതർ

സംസാരിക്കാൻ വിഷയങ്ങൾ
ഉള്ളിടത്തോളം മാത്രം
നാം നല്ല പരിചയക്കാരായിരിക്കും
വാക്കുകളും സന്തോഷവും
ചിരിയും കൈമാറും.
എന്തിന് മൗനം പോലും
ചിലപ്പോൾ ഭാഷകളാകും .
ഒന്ന് സംസാരിക്കാൻ
നാം അവസരങ്ങൾ സൃഷ്ടിക്കും
പറയാൻ കഥകൾപോലും
മെനഞ്ഞെടുക്കും.
ഒടുവിൽ..
കാണെക്കാണെ കഥകൾ മാറും
പരിചയക്കാരായി മാത്രം
ചുരുങ്ങിക്കഴിഞ്ഞാൽപ്പിനെ
ചിരിക്കാൻ എന്നും കാരണങ്ങളുണ്ടാകില്ല, 
പറയാൻ വാക്കുകളും.
പ്രപഞ്ചസത്യം .
ഒരുപാട് നാളുകൾ
സംസാരിക്കുമ്പോൾ
നമുക്കിടയിലുള്ള
മൗനം തലപൊക്കും
പതിയെ പതിയെ
വിഷയങ്ങൾ
പൂർണ വിരാമത്തിലെത്തും
ഭാഷ ഇല്ലാതാകും
മൗനംപോലും
മരവിക്കും
അക്ഷരങ്ങൾക്ക്
കനം വെക്കും
ഒരിക്കൽ കനപ്പെട്ട
വാക്കുകൾക്ക്
പിന്നീട് ചിലപ്പോൾ
അലിയാൻ കഴിഞ്ഞെന്നുവരില്ല .
കൂടിച്ചേരലുകൾ
ഒഴിവാക്കും
ഇനിയും മിണ്ടിയാൽ
അപകടം എന്നുവരെ
കരുതും.
മൗനത്തെ ഭയന്ന് നാം
പരസ്പരം കണ്ടുമുട്ടാതിരിക്കാൻ
ശ്രമിക്കും
പതുക്കെ നമ്മൾ
ഏറ്റവും അടുത്തറിയുന്ന
അപരിചിതരാകും.
Exit mobile version