മൂപ്പെട്ടു വെള്ളിയാഴ്ച
വിജന വഴിയിൽ
കരിമ്പനച്ചോട്ടിൽ വച്ചാണ്
പ്രേമം തിരികെ കിട്ടാതെ
മരിച്ചവൻ
എന്നിൽ കുടിയേറിയത്
ഞാൻ പാടുമ്പോൾ
അവൻ ചാടി മരിച്ച കടൽ
തിരയടിച്ചിരമ്പുന്നു
ഞാൻ എഴുതുമ്പോൾ
വാക്കുകളിൽ
അവൻ കുടിച്ച വിഷം കയ്ക്കുന്നു
ഭയന്ന് പിന്തിരിഞ്ഞോടുമ്പോൾ
അവനിലൂടെ കയറിപ്പോയ
തീവണ്ടി
ശ്വാസത്തിൽ കിതക്കുന്നു
പാതിരാവിന്റെ കണ്ണുകൾ
തുറക്കുമ്പോൾ മാത്രം
അവൻ എന്നിൽ നിന്നിറങ്ങി
അൽപനേരം
അഭിമുഖം ചെയ്യുന്നു
ആഴക്കിണറുകൾ കൊണ്ട്
എന്നെ നോക്കുന്നു
കൊടുങ്കാറ്റു കൊണ്ട് എന്നെ
ചിക്കുന്നു
കൊടും വേനൽ കൊണ്ട്
എന്നെ കത്തിക്കുന്നു
അവൻ പറയുന്നു
ഞാൻ നിന്നിൽ കടപ്പെട്ടിരിക്കുന്നു
ഇനിയും പ്രേമിച്ചു തുടങ്ങാത്ത
ഒരുവനിൽ
എനിക്ക് ജീവിക്കണം.