അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാൻ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹംമന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാടേക്ക് എത്തിച്ചത്. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രയുടെ ഉദ്ദേശം. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്.

