അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 4.30ന് വീട്ടുവളപ്പില്‍ നടക്കും. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്.
ലണ്ടനില്‍ നഴ്സായിരുന്നു രഞ്ജിത. അവധിക്ക് നാട്ടിലെത്തി മക്കളെയും അമ്മയെയും കണ്ട് മടങ്ങവേയാണ് ദുരന്തമുണ്ടായത്. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന രഞ്ജിത അവധി എടുത്താണ് വിദേശത്ത് ജോലി ചെയ്തിരുന്നത്. ആദ്യം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു ജോലി. അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ യുകെയിലേക്ക് മാറുകയായിരുന്നു. അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം.

