ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ ഘാതകർ മൊബൈല്‍ സിം എടുത്തത് പുന്നപ്ര സ്വദേശിയും വീട്ടമ്മയുമായ വത്സലയെ കബളിപ്പിച്ച്. ഇതിനായി പ്രതികൾ ഉപയോഗിച്ചത് വത്സലയുടെ തിരിച്ചറിയൽ രേഖകൾ തന്നെയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്റ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ വെരിഫിക്കേഷൻ നടത്തി. എന്നാൽ, ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാത്ത വത്സല മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായി. ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് അംഗം സുൽഫിക്കർ ആണെന്നും വത്സല മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ സിം കാർഡ് ഉടമ വത്സലയാണെന്ന് കണ്ടെത്തുകയും, ഇവരുടെ വീട്ടിൽ എത്തുകയും ചെയ്തു. വീട്ടമ്മയ്ക്ക് ഇതേപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ കാര്യങ്ങൾ വെളിപ്പെടുത്തി. ഇതേ തുടർന്ന് മറ്റൊരു പ്രതിയായ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം താൻ മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി അവർ വ്യക്തമാക്കി.
ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് താൻ തലചുറ്റി വീണു. കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് പിടിച്ച് നിൽക്കാൻ പ്രേരണ നൽകിയതെന്നും അവര്‍ പറഞ്ഞു. സുൾഫിക്കറും ബാദുഷയുമൊന്നും പറ്റിക്കുമെന്ന് കരുതിയില്ല. മകന്റെ കൂട്ടുകാരനാണ് സുൾഫിക്കർ. മകൻ 23-ാം വയസിൽ അപകടത്തിൽ മരിച്ചിരുന്നു. മകന്റെ സ്ഥാനത്താണ് താൻ സുൽഫിക്കറിനെ കരുതിയത് എന്നും വത്സല പറഞ്ഞു. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
english summary:Ranjith’s assassins got mobile SIM and cheated the housewife
you may also like this video