രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബംഗളൂരു സ്വദേശിനിയായ 23കാരി കെപിസിസി നേതൃത്വത്തിന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പൊലീസ് ഉടൻ യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഡി വൈ എസ് പി സജീവനാണ് അന്വേഷണ ചുമതല. ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇ‑മെയിലിലൂടെയാണ് യുവതി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചിരുന്നത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച രാഹുല്‍ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ലെന്നും രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്റായതോടെ കുടുംബം സമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തി അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു.

