യുവതിയുടെ ബലാത്സംഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന് മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.

