ബലാത്സംഗ കേസിലെ പ്രതി റാപ്പ് ഗായകൻ വേടൻ മുങ്ങി. പൊലീസ് പലസ്ഥലത്തും വലവിരിച്ചെങ്കിലും വേടനെ കണ്ടെത്താനായില്ല. വേടന്റെ വീട്ടിൽ നിന്നും തൃക്കാക്കര പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. അതേസമയം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും.
ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടത്തെ താമസസ്ഥലത്തുവെച്ച് 2021 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. വേടനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയായ യുവ ഡോക്ടറുടെ സുഹൃത്തുക്കളുടെ മൊഴി അടുത്ത ദിവസം പൊലീസ് രേഖപ്പെടുത്തും. പരാതിയിൽ ചില സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു.

