Site iconSite icon Janayugom Online

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാരോപണ കേസ്; പരാതി നൽകിയത് ഗവേഷക വിദ്യാർത്ഥി

കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാരോപണ പരാതി. ഗവേഷക വിദ്യാർഥിയാണ് പരാതിക്കാരി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ യുവതി നല്‍കിയ പരാതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

2020ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പൊലീസ് വേടനെതിരെ കേസെടുത്തത്. സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞ വേടൻ അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.

ലൈംഗികാതിക്രമം, സ്​ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരി കേരളത്തിന് പുറത്താണുള്ളത്. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലമോ തീയതിയോ അറിയിക്കണമെന്നാണ് പരാതിക്കാരിയോട് സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. വേടനെതിരായ മറ്റൊരു ബലാത്സംഗ പരാതി കേസിൽ ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.

Exit mobile version